Sorry, you need to enable JavaScript to visit this website.

ഏഴ് വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽ.ഇ.ഡി ബൾബ് പുറത്തെടുത്തു 

കൊച്ചി- കണ്ണൂർ സ്വദേശിനിയായ ഏഴുവയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽ.ഇ.ഡി ബൾബ് ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ മണിക്കൂറൂകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ശ്വാസകോശത്തിൽ എൽ.ഇ.ഡി ബൾബ് കുടുങ്ങിയതിനെ തുടർന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ ആദ്യം കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെവച്ച് ബ്രോങ്കോസ് കോപിയിലൂടെ ബൾബ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ശസ്ത്രക്രിയ ഒഴിവാക്കുവാനും വിദഗ്ദ്ധ ചികിൽസക്കുമായി കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പീഡിയാട്രിക് സർജറി വിഭാഗം ഡോ. അഹമ്മദ് കബീർ നടത്തിയ പരിശോധനയിൽ എൽ.ഇ.ഡി ബൾബ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു. കൂർത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബൾബ് ശ്വാസകോശത്തിൽ കുടുങ്ങി കിടന്നിരുന്നത്. എൽ.ഇ.ഡി ബൾബിന്റെ ആകൃതിയും കുടുങ്ങിക്കിടന്നിരുന്ന സ്ഥാനവും സാധാരണ ബ്രോങ്കോസ്‌കോപിയിലൂടെ അത് പുറത്തെടുക്കാനുള്ള സാധ്യത ഇല്ലാതാക്കി.
ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്‌കോപിയിലൂടെ അസാധ്യമായ എൽ.ഇ.ഡി ബൾബ് പുറത്തെടുക്കൽ നടപടി, താരതമ്യേന സങ്കീർണമായ റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ ചെയ്യാൻ മെഡിക്കൽ സംഘം തിരുമാനിക്കുകയായിരുന്നു. കൂർത്ത അഗ്രങ്ങളുള്ള എൽ.ഇ.ഡി ബൾബ് ശ്വാസകോശത്തിൽ മുറിവുകൾ ഏൽപ്പിക്കാതെയും രക്തസ്രാവം ഉണ്ടാക്കാതെയും സുരക്ഷിതമായി പുറത്തെടുക്കുക എന്നത് ഒരുവെല്ലുവിളിയായിരുന്നു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ശസ്ത്രക്രിയയ്ക്കായി  തൊറാസിക് സർജറി വിഭാഗവും സജ്ജമായിരുന്നു. രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ ഡോക്ടർമാരുടെ സംഘം റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ എൽ.ഇ.ഡി ബൾബ് വിജയകരമായി പുറത്തെടുത്തു.


 

Latest News