Sorry, you need to enable JavaScript to visit this website.

ഹറം ഇമാമുമരുടെ വിദേശ പരിപാടികള്‍ക്ക് രാജാവിന്റെ അനുമതി നിര്‍ബന്ധം

മക്ക - രാജാവിന്റെ അനുമതിയില്ലാതെ ഹറം, മസ്ജിദുന്നബവി ഇമാമുമാർ വിദേശങ്ങളിൽ സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കുന്നതിനും പ്രഭാഷണങ്ങൾ നടത്തുന്നതിനും വിലക്കുണ്ടെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.

ഹറംകാര്യ വകുപ്പ് ഉപമേധാവി, മസ്ജിദുന്നബവികാര്യ ഉപമേധാവി, ഗ്രാന്റ് മുഫ്തി നാമനിർദേശം ചെയ്യുന്ന ഉന്നത പണ്ഡിതസഭാംഗം, അഞ്ചു വർഷത്തിൽ കുറയാത്ത കാലം ഹറമിൽ ഇമാമായി സേവനമനുഷ്ഠിച്ച രണ്ടു ഇമാമുമാർ   എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നിയമിക്കുന്ന ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും കഴിവുകളും യോഗ്യതകളും പരിശോധിക്കുക.

ഹറമിലും മസ്ജിദുന്നബവിയിലും ഇമാമായി നിയമിക്കപ്പെടുന്നവർ സൗദി പൗരന്മാർ ആയിരിക്കണമെന്നും  ശരീഅത്ത് കോളേജിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയവരായിരിക്കണമെന്നും മിതവാദികളായിരിക്കണമെന്നും വിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠമാക്കിയവരായിരിക്കണമെന്നും  നിയമാവലി അനുശാസിക്കുന്നു. ഫുൾടൈം അടിസ്ഥാനത്തിൽ ഇമാമത്ത് ജോലി നിർവഹിക്കണമെന്ന് വ്യവസ്ഥയില്ല. നാലു വർഷത്തേക്കാണ് ഇമാമായി നിയോഗിക്കുക. ഇത് പിന്നീട് ദീർഘിപ്പിക്കാവുന്നതാണ്. 


രോഗം മൂലമോ പ്രായാധിക്യം കാരണമോ കൃത്യനിർവഹണം നടത്തുന്നതിന് സാധിക്കാതെ വരുമ്പോഴും ഏൽപിക്കപ്പെട്ട ചുമതലകളും കർത്തവ്യങ്ങളും പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തിയാലും ഇമാമുമാരുടെ സേവനം അവസാനിപ്പിക്കാമെന്നും നിയമാവലി വ്യക്തമാക്കുന്നു. ഇമാമിന് മാസത്തിൽ 24,000 റിയാലും  മുഅദ്ദിന് 15,000 റിയാലും വിതരണം ചെയ്യുന്നു. വിശുദ്ധ റമദാനിൽ താൽക്കാലിക ഇമാമായി സേവനമനുഷ്ഠിക്കുന്നവർക്ക് 24,000 റിയാൽ ലഭിക്കും. ജോലിസ്ഥലത്തിന് പുറത്തുള്ള പ്രവിശ്യയിൽ താമസിക്കുന്നവരാണെങ്കിൽ അവർക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റും ഒരു മാസക്കാലം താമസിക്കുന്നതിന് പാർപ്പിട അലവൻസായി 24,000 റിയാലിൽ കവിയാത്ത തുകയും വിതരണം ചെയ്യും. 


 

Latest News