Sorry, you need to enable JavaScript to visit this website.

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കെ സുരേന്ദ്രനെതിരേ കേസ്

കണ്ണൂര്‍- ഫസല്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലും പ്രസംഗത്തിലുമാണ് ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. 

ജൂണ്‍ 10-ന് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന്റെ പോസ്റ്റ്  ഭീഷണിയും പൊലീസിന്റെ മനോവീര്യം തകര്‍ക്കലുമാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎസ് പി സദാനന്ദന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ഒരു പൊതുയോഗത്തില്‍ വെച്ചും രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ച് ഭീഷണിപ്പെടുത്തി പ്രസംഗിച്ചതായും പരാതിയില്‍ പറയുന്നു. സുരേന്ദ്രന്റെ ഭീഷണി പൊലീസ് നിയമം 120(ഒ), 117 (ഇ) വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും ഡിവൈ.എസ്. പി ചൂണ്ടിക്കാട്ടി. 

നേരത്തെ തളാപ്പിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുശീല്‍കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ തന്നെ വന്നു കണ്ടിരുന്നു. അതു ചെയ്യാത്തതിന് ഭീഷണിക്കത്തുകളും ലഭിച്ചു. എന്നാല്‍ പിന്നീട് യഥാര്‍ത്ഥ പ്രതികളായ പോപുലര്‍ ഫ്രണ്ടുകാരെയാണ് കേസില്‍ അറസ്റ്റ് ചെയ്തതെന്നും സദാനന്ദന്‍ പാരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest News