തിരുവനന്തപുരം- കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്നും വേണ്ടിവന്നാൽ സുപ്രീംകോടതി വരെ പോകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ട് കുട്ടിക്കളിയല്ലെന്നും ജനാധിപത്യത്തിന്റെ വിളക്കാണെന്നും ടിക്കാറാം മീണ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ടിക്കാറാം മീണ ഇക്കാര്യം പറഞ്ഞത്. ഞാനൊരു പാർട്ടിക്കും വേണ്ടി പ്രവർത്തിക്കുന്നയാളല്ല. എൽ.ഡി.എഫ് നേതാക്കൾക്ക് അതു നന്നായറിയാം. ഞാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണു നിഷ്പക്ഷമായി പ്രവർത്തിക്കുന്നത്. നിയമനടപടിയുണ്ടായാൽ അതിനെ നേരിടും.
കാസർഗോഡ് കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചാരണ തന്ത്രമാണെന്നാണ് കോടിയേരി ആരോപിച്ചിരുന്നു. സ്വാഭാവിക നീതി നിഷേധിച്ചു കൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചെയ്തത്. അത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ടിക്കാറാം മീണ ഇക്കാര്യം പറഞ്ഞത്.