മലപ്പുറം- മുഖംമറച്ച് വസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ പുറത്താക്കിയ എം.ഇ.എസ് നടപടിയിൽ പ്രതിഷേധിച്ച് സമസ്ത പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ അങ്ങാടിപ്പുറത്ത് പ്രതിഷേധ സംഗമം നടത്തും. സമരപ്രഖ്യാപന കൺവെൻഷൻ നടത്താനാണ് തീരുമാനം. വൈകിട്ട് നാലിനാണ് കൺവെൻഷൻ. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അടക്കമുള്ള പ്രമുഖർ കൺവെൻഷനിൽ പങ്കെടുക്കും.
അതിനിടെ എം.ഇ.എസ് സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ച നടപടിക്കെതിരെ രംഗത്തു വന്ന എം.ഇ.എസ് കാസർക്കോട് ജില്ലാ പ്രസിഡന്റ് ഡോ. ഖാദർ മാങ്ങാട് സ്ഥാനം രാജിവെച്ചു. ജില്ലാ കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്നാണ് രാജി. ഡോ.ഫസൽ ഗഫൂർ എടുത്ത തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും കോൺഗ്രസ് നേതാവുമായ ഡോ.ഖാദർ മാങ്ങാട് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
നിഖാബ് നിരോധിച്ചത് ഡോ.ഫസൽ ഗഫൂറിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും എം.ഇ.എസിന്റെ മുഴുവൻ നിലപാടല്ലെന്നുമായിരുന്നു പ്രസ്താവനയിൽ ഖാദർ മാങ്ങാട് പറഞ്ഞത്. .
ഇതേതുടർന്ന് കമ്മിറ്റിയിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് താൻ എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നു എന്നും ഖാദർ മാങ്ങാട് അറിയിച്ചു. ആർട്ടിക്കിൾ 19 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണു എന്റെ പ്രശ്‌നം. മുഖം മറയ്ക്കാനോ മറയ്ക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ടാകണം എന്നതാണ് എന്റെ നിലപാട് എന്നും ഖാദർ മാങ്ങാട് രാജിക്കത്തിൽ പറഞ്ഞു.