Sorry, you need to enable JavaScript to visit this website.

മകനെ കുഴിച്ചിട്ട സ്ഥലം കാണണം; ഐ.എസ് ഭീകരനെ തേടി ജോര്‍ദാനി കുടുംബം

റിയാദ് - ജോർദാൻ വ്യോമസേനാ പൈലറ്റ് മുആദ് അൽകസാസ്ബയെ ഇരുമ്പു കൂട്ടിലടച്ച് പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തിയ ഐ.എസ് ഭീകരനെ ജയിലിൽ എത്തി നേരിട്ട് കാണാൻ അവസരമൊരുക്കണമെന്ന് മുആദിന്റെ കുടുംബം ഇറാഖ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

സിറിയയിൽ വ്യോമസേനാ വിമാനം തകർന്നുവീണ് ഐ.എസിന്റെ പിടിയിലായ മുആദ് അൽകസാസ്ബയെ 2015 ലാണ് ലോക മനസ്സാക്ഷിയെ നടുക്കുംവിധം ഐ.എസ് ഭീകരർ കൊലപ്പെടുത്തിയത്. 
ഇറാഖ് സുരക്ഷാ വകുപ്പുകളുടെ പിടിയിലായി വധശിക്ഷക്ക് വിധിക്കപ്പെട്ട് ഇറാഖ് ജയിലിൽ കഴിയുന്ന ഭീകരൻ സദ്ദാം അൽജമലിനെ നേരിട്ട് കാണുന്നതിന് അവസരം ലഭിക്കണമെന്ന് മുആദിന്റെ പിതാവ് സ്വാഫി അൽകസാസ്ബ പറഞ്ഞു. മകന്റെ വീരമൃത്യുവിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഭൗതിക ശരീരാവശിഷ്ടങ്ങൾ കുഴിച്ചിട്ട സ്ഥലം എന്നിവയെ കുറിച്ചെല്ലാമുള്ള വിവരങ്ങൾ സദ്ദാം അൽജമലിന് അറിയാമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഇരയാണ് തന്റെ മകൻ. 


സദ്ദാം അൽജമലിന് വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പായി ഇറാഖിലെത്തി ഭീകരനെ കാണാൻ തങ്ങൾക്ക് ഇറാഖ് ഗവൺമെന്റ് അവസരമൊരുക്കണം. സിറിയയിലെ യൂഫ്രട്ടീസ് ഏരിയയുടെ ചുമതല ഈ ഭീകരനായിരുന്നു. ഈ ഏരിയയിലാണ് മുആദിന്റെ വിമാനം ഭീകരർ വെടിവെച്ചിട്ടത്. അതുകൊണ്ടു തന്നെ സദ്ദാം അൽജമലിന് തന്റെ മകന്റെ വീരമൃത്യുവിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും ഭൗതിക ശരീരാവശിഷ്ടങ്ങൾ കുഴിച്ചിട്ട സ്ഥലത്തെ കുറിച്ചും എമ്പാടും വിവരമുണ്ടാകും. 


മുആദിനെ അതിപൈശാചികമായി ജീവനോടെ കത്തിച്ചു കൊല്ലുന്നതിനുള്ള തീരുമാനം അന്തിമമായി അംഗീകരിച്ചത് സദ്ദാം അൽജമൽ ആണ്. ഇത് നടപ്പാക്കൽ സദ്ദാം അൽജമൽ നേരിട്ട് വീക്ഷിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മകന്റെ ഭൗതിക ശരീരാവശിഷ്ടങ്ങൾ എവിടെയാണ് കുഴിച്ചിട്ടത് എന്ന കാര്യം ഈ ഭീകരന് അറിയാതിരിക്കില്ലെന്നും സ്വാഫി അൽകസാസ്ബ പറഞ്ഞു.
മുആദ് അൽകസാസ്ബയെ പച്ചക്ക് കത്തിച്ച് കൊലപ്പെടുത്തിയ ഭീകരനെ ജോർദാനിൽ  എത്തിച്ച് ചോദ്യം ചെയ്യണമെന്നും ഭീകരന് വധശിക്ഷ നടപ്പാക്കണമെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അൽകസാസ്ബ കുടുംബം ആവശ്യപ്പെട്ടു. സദ്ദാം അൽജമലിന് വധശിക്ഷ നടപ്പാക്കുന്നതിനുള്ള തീരുമാനം ഇറാഖിലെ ഉന്നതാധികൃതർ ശരിവെച്ചിട്ടുണ്ട്. 


മുആദ് അൽകസാസ്ബയെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയെ ജോർദാനിൽ എത്തിച്ച് വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കുന്നതിന് ഇറാഖ് ഗവൺമെന്റുമായി ജോർദാൻ ഭരണകൂടം ഏകോപനം നടത്തണമെന്ന് 2018 മേയിലും കുടുംബം ആവശ്യപ്പെട്ടിരുന്നു. 
സദ്ദാം അൽജമൽ അടക്കം നാലു ഐ.എസ് നേതാക്കളെ തന്ത്രപൂർവം കെണിയിൽ വീഴ്ത്തുന്നതിൽ ഇറാഖ് ഇന്റലിജൻസ് വിജയിക്കുകയായിരുന്നു. സിറിയക്കാരനായ സദ്ദാം അൽജമൽ ഐ.എസിനു കീഴിൽ ഈസ്റ്റ് യൂഫ്രട്ടീസ് ഏരിയ ഗവർണറായിരുന്നു. 
ജോർദാനി പൈലറ്റിനെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയതിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം സദ്ദാം അൽജമലിന് ആയിരുന്നു. 2014 ഡിസംബറിലാണ് മുആദ് അൽകസാസ്ബയെ ഐ.എസ് ബന്ദിയാക്കിയത്. ഐ.എസിനെതിരെ ആക്രമണം നടത്തുന്നതിനിടെ ഉത്തര സിറിയയിലെ അൽറഖ നഗരത്തിനു സമീപം മുആദ് അൽകസാസ്ബയുടെ വിമാനം തകർന്നുവീഴുകയായിരുന്നു. 

Latest News