Sorry, you need to enable JavaScript to visit this website.

വിദേശികളെ ചുമതല ഏല്‍പിച്ചാല്‍ ഇമാമുമാരെ പിരിച്ചുവിടുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

റിയാദ്- വിശുദ്ധ റമദാനിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഇമാമുമാരെ പിരിച്ചുവിട്ട് പകരം ഇമാമുമാരെ നിയമിക്കുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിൽ കോൾ ആന്റ് ഗൈഡൻസ് ഓഫീസ് ഫോറത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ഞൂറിലേറെ പണ്ഡിതരും ചിന്തകരും പ്രബോധകരും ഫോറത്തിൽ പങ്കെടുത്തു. 

തങ്ങൾക്കു പകരം ഇമാമത്ത് ജോലി നിർവഹിക്കുന്നതിന് വിദേശികളെ ചുമതലപ്പെടുത്തുന്ന ഇമാമുമാരെയും പിരിച്ചുവിടുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു. നിയമ, നിർദേശങ്ങൾ ലംഘിക്കുന്നവരോട് യാതൊരുവിധ ദാക്ഷിണ്യവും മന്ത്രാലയം കാണിക്കില്ല. 
റമദാനു മുമ്പായി നാലായിരത്തിൽ കുറയാത്ത ഇമാമുമാരെയും മുഅദ്ദിനുകളെയും ഔദ്യോഗിക തസ്തികകളിൽ മന്ത്രാലയം നിയമിക്കും. മസ്ജിദുകളിലെ ശുചീകരണ ജോലികൾക്കും അറ്റകുറ്റപ്പണിക്കും പ്രതിവർഷം കോടിക്കണക്കിന് റിയാൽ ചെലവഴിക്കുന്നുണ്ട്. മസ്ജിദുകളുടെ മെയിന്റനൻസ് ജോലികളുടെ കരാറുകൾ ഏൽപിക്കപ്പെട്ട മുഴുവൻ കമ്പനികളും സൗദി സ്ഥാപനങ്ങളാണ്. തീവ്രവാദ, ഭീകരവാദ ആശയങ്ങൾ നിരാകരിക്കുന്നതിനുള്ള ശ്രമങ്ങളുമായി സൗദി സമൂഹത്തിലെ എല്ലാ വിഭാഗവും സഹകരിക്കുന്നത് പ്രശംസനീയമാണ്. പ്രബോധന മേഖലയിൽ തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനം ഇല്ലാതാക്കുകയും ഈ രംഗത്തുണ്ടായിരുന്ന തെറ്റായ പ്രവണതകളും പരിധി ലംഘനങ്ങളും അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 

Latest News