തിരുവനന്തപുരം- സി.പി.എമ്മിനു പിന്നാലെ കാസർകോട് മൂന്ന് മുസ്‌ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാനും നിർദ്ദേശം. ഇതോടെ കള്ളവോട്ട് ചെയ്ത ഏഴ് പേരാണ് നിയമനടപടി നേരിടുന്നത്. കോൺഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിർദ്ദേശപ്രകാരമാണ് കള്ളവോട്ട് നടന്നതെന്നും മൊഴി. ഇതോടെ എൽ.ഡി.എഫിനൊപ്പം യു.ഡി.എഫും കള്ളവോട്ട് വലയിൽ കുരുങ്ങി.
കല്യാശേരിയിലെ കല്ലിയങ്ങാടി, പുതിയങ്ങാടി എന്നിവിടങ്ങളിൽ കള്ളവോട്ടു നടന്നെന്നാണു പരാതിഉയർന്നത്. മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ജില്ലാകളക്ടറുടെ അന്വേഷണത്തിലാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. ഷാഷിക്, മുഹമ്മദ് ഫയിസ്, അബ്ദുൾ സമദ്, കെ.എം.മുഹമ്മദ് എന്നിവർ പലതവണ പോളിങ് ബൂത്തിലെത്തിയെന്ന് കണ്ടെത്തി. പുതിയങ്ങാടിയിൽ മുഹമ്മദ് ഫയസ് കള്ളവോട്ട് ചെയ്തു. 70-ാം നമ്പർ ബൂത്തിൽ 4.10ന് എത്തിയ ഇയാൾ 4.14 ന് വോട്ട് ചെയ്തു. ബൂത്ത് 69 ൽ 4.30ന് എത്തി 4.44 ന് വോട്ട് ചെയ്തു. കെ.എം.മുഹമ്മദ് മൂന്നുവതണ വോട്ട് ചെയതെന്നാണ് തെളിഞ്ഞത്. 69-ാം ബൂത്തിൽ 4.05 ന് എത്തിയ ഇയാൾ 4.08 ന് ആദ്യ വോട്ട് ചെയ്തു. അതേബൂത്തിൽ 4.15 ന് കംപാനിയൻ വോട്ട് ചെയ്തശേഷം 5.26ന് വീണ്ടും എത്തി ഇയാൾ 5.28 ന് ഗൾഫിലുള്ള സക്കീർ എന്ന ആളുടെ പേരിൽ വോട്ട് ചെയ്‌തെന്നും കണ്ടെത്തി. കോൺഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിർദ്ദേശ പ്രകാരമാണ് വോട്ട് ചെയ്തതെന്ന് ഇയാൾ കളകക്ടർക്ക് മൊഴിനൽകിയിട്ടുണ്ട്.
ബൂത്ത് നമ്പർ 69 ൽ 4.38 ന് എത്തിയ അബ്ദുൾ സമദ് 4.47 ന് വോട്ട് ചെയ്തു. അതേ ബുത്തിൽ 5.27 ന് എത്തിയ ഇയാൾ 5.29 ന് രണ്ടാമത്തെ വോട്ടും രേഖപ്പെടുത്തി. അതേസമയം പരാതി ഉയർന്ന അബ്ദുൾ സമദ് കളക്ടറുടെ മുമ്പിൽ ഹാജരായില്ല. ഇയാൾക്ക് വാറണ്ട് അയക്കാനുള്ള നിർദ്ദേശം നൽകിയെന്നും ടിക്കാറാം മീണ പറഞ്ഞു. 69-ാം നമ്പർ ബൂത്തിൽ 4.59 ന് എത്തിയ ഹാഷിക് അകത്തേക്ക് പ്രവേശിച്ചില്ല. തിരികെ 5.12 ന് എത്തിയ ഇയാൾ രണ്ട് തവണ വോട്ട് രേഖപ്പെടുത്തിയെന്നുംതെളിഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണത്തിനു നിർദേശം നൽകിയിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കള്ളവോട്ട് നടന്നതായി ആ സമയം തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും നാല് മണിക്ക് ശേഷം തിരക്കായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ കളക്ടർക്ക് നൽകിയ വിശദീകരണം.
വോട്ടർ പട്ടികയിൽ നിന്നു നൂറുകണക്കിനു പേരുകൾ അനധികൃതമായി മാറ്റിയെന്ന പരാതി പരിശോധിച്ചു നടപടിയെടുക്കുമെന്ന്് ടിക്കാറാം മീണ അറിയിച്ചു. ബോധപൂർവം ഒഴിവാക്കിയതാണെന്നു കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ബൂത്ത് ലെവൽ ഓഫിസറുടെ അനുവാദമോ റിപ്പോർട്ടോ ഇല്ലാതെ ഇടതു സംഘടനക്കാരായ സർക്കാർ ജീവനക്കാരാണ് തിരിമറി നടത്തിയതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇതു ഗൗരവമായി പരിശോധിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. പോലീസിലെ പോസ്റ്റൽ ബാലറ്റ് സംബന്ധിച്ചുള്ള തിരിമറിയെ കുറിച്ച് സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവി അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം അതിലും നടപടി സ്വീകരിക്കുമെന്നും മീണ പറഞ്ഞു.