ജുബൈൽ- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ മികച്ച ഫലം. 117 ആൺകുട്ടികളും 112 പെൺകുട്ടികളുമാണ് സയൻസ്, കൊമേഴ്‌സ് സ്ട്രീമുകളിലായി പരീക്ഷക്കിരുന്നത്. സയൻസ് വിഭാഗത്തിൽ 95.4 ശതമാനം മാർക്കുമായി അനിരുദ്ധ് നമ്പ്യാർ, ആശിഖ റഹ്മാൻ എന്നിവർ ഒന്നാം സ്ഥാനം നേടി. 95 ശതമാനം മാർക്കുമായി മഹീൻ നവാസ് രണ്ടും 94.4 ശതമാനം മാർക്ക് നേടി അൻഷുൽ വിശാൽ എൻ മൂന്നും സ്ഥാനം കരസ്ഥമാക്കി.
കൊമേഴ്‌സ് സ്ട്രീമിൽ കാന്ദൽവാൽ ആയുഷി മനീഷ് (90.4 ശതമാനം), എവ്‌ലിൻ വർഗീസ് (89 ശതമാനം), ഫാത്തിമ റുക്‌നുദ്ദീൻ (88.2 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അനുജിത്ത് സുരേന്ദ്രൻ (87.6 ശതമാനം), ഫവാസ് മുജീബ് (85.2 ശതമാനം) എന്നീ കുട്ടികളും മികച്ച പ്രകടനം കാഴ്ചവെച്ചു. സ്‌കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പ്രതിഭാശാലികളെ പ്രിൻസിപ്പൽ ഡോ. സയിദ് ഹമീദ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. നൗഷാദ് അലി, സാദിയ സിദ്ദീഖി എന്നിവർ അഭിനന്ദിച്ചു.