കോഴിക്കോട്- ജമാഅത്തെ ഇസ്ലാമിക്കും ജമാഅത്തിന് കീഴിലുള്ള മീഡിയ വൺ ചാനലിനുമെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. മീഡിയ വൺ ജനം ടി.വിയുടെ മുസ്ലിം വർഗീയ പതിപ്പായും ജന്മഭൂമിയുടെ ജമാഅത്തെ ഇസ്്‌ലാമിഎഡിഷനായി മാധ്യമവും പരിണമിക്കുന്നുവെന്ന് ജലീൽ കുറ്റപ്പെടുത്തി. പ്രഗൽഭനും മിതവാദിയുമായ ഒ അബ്ദുറഹ്മാൻ സാഹിബിനെ പോലും ഹൈജാക്ക് ചെയ്ത്, ഇടതുപക്ഷ വിരുദ്ധത മൂത്ത് അന്ധരും ബധിരരും മൂകരുമായിത്തീർന്ന അതിതീവ്രൻമാരായ ജമാഅത്തിലെ നാദാപുരം കുറ്റിയാടി ടീം നടത്തുന്ന ഈ തീക്കളി ഭാവിയിൽ നാടിനും സമൂഹത്തിനും ആപത്തേ ഉണ്ടാക്കൂ. ഇക്കാര്യം പരമ്പരാഗത സുന്നികളും പഴയ സലഫികളും തിരിച്ചറിയാതെ പോകരുത്. മുസ്ലിം സമൂഹത്തിലെ ഋജുവായി ചിന്തിക്കുന്നവർ ജാഗ്രത പുലർത്തേണ്ട സമയമാണിത്. നമ്മുടെ മക്കളെ യഥാർത്ഥ വിശ്വാസത്തിൽ നിന്നകറ്റി ഭ്രാന്തമായ മതാവേശത്തിന്റെ അടിമകളാക്കി ഐ.എസ്സിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള നിഗൂഢ നീക്കം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാൽ നമ്മെ കാത്തിരിക്കുന്നത് മറ്റൊരു യെമനാകും. 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ' എന്ന തലക്കെട്ടോടെ അന്നു പ്രസിദ്ധീകരിക്കാൻ ഒരെഡിറ്റോറിയലും ഈ വലതുപക്ഷ മൗദൂദിസ്റ്റുകൾ ഇപ്പോഴേ എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടാകുമെന്നും ജലീൽ വ്യക്തമാക്കി.