ജിദ്ദ- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് മികച്ച വിജയം. 95.6 ശതമാനം മാർക്കു വാങ്ങി ജോഷ്വാ ജോർജ് സ്റ്റാൻലി സ്‌കൂളിൽ ഒന്നാമനായി. തൊട്ടു പിന്നിൽ 95.2 ശതമാനം മാർക്കുമായി ഷീമ ഫാത്തിമ ഖാൻ രണ്ടാം സ്ഥാനത്തിനർഹയായി. 94.8 ശതമാനവുമായി ഹാനിയ ഐഷയും തസ്‌നീം സെയ്ദ് താജാമുലും മൂന്നാം സ്ഥാനം പങ്കിട്ടു.
പരീക്ഷക്കിരുന്ന 447 കുട്ടികളിൽ 38 പേർ 90 ശതമാനത്തിനു മുകളിൽ മാർക്കു വാങ്ങി പാസായപ്പോൾ 360 പേർ 60 ശതമാനത്തിനു മുകളിൽ മാർക്കു വാങ്ങിയും തിളക്കമാർന്ന വിജയം കൈവരിച്ചു. 13 പേർ കംപാർട്ടുമെന്റായും വിജയം നേടി.
അഹമ്മദ് ജാവേദ് ഹസന് ബയോളജിയിൽ നൂറിൽ നൂറ് മാർക്കും ലഭിച്ചു. നൂറുൽ സബീല നിസാർ മുഹമ്മദും സക്കീന മുഷ്താഖ് അഹമ്മദും ഹോം സയൻസിലും നൂറിൽ നൂറ് മാർക്ക് വാങ്ങി മിന്നുന്ന വിജയം കൈവരിച്ചു.
ആൺകുട്ടികളുടെ വിഭാഗം സയൻസ് സ്ട്രീമിൽ സ്‌കൂളിലെ ടോപ്പർ ജോഷ്വാ ജോർജ് സ്റ്റാൻലി മുന്നിലെത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹാനിയ ഐഷയാണ് മുന്നിൽ. കൊമേഴ്‌സിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡെൽസൺ ഡാർലി ജോൺ 92.6 ശതമാനം മാർക്കുമായി സ്‌കൂളിൽ മുന്നിലെത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഹാനിയ അൻജും ഖാനാണ് (92.4 ശതമാനം) ഒന്നാമതെത്തിയത്. ഹ്യുമാനിറ്റീസ് സ്ട്രീമിൽ 92.8 ശതമാനം മാർക്കുമായി റിഷ്‌വാനയാണ് ഒന്നാമതെത്തിയത്.
വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചെയർമാൻ മുഹമ്മദ് ഗസൻഫർ ആലമും കമ്മിറ്റി അംഗങ്ങളും പ്രിൻസിപ്പൽ ഇൻചാർജ് നജീബ് ഖൈസ് അമ്മാറും അധ്യാപകരും അഭിനന്ദിച്ചു.