റിയാദ്- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നപ്പോൾ സൗദിയിലെ ഇന്ത്യൻ എംബസി സ്‌കൂളുകൾക്കും സ്വകാര്യ സ്‌കൂളുകൾക്കും മികച്ച വിജയം. 346 വിദ്യാർഥികൾ പരീക്ഷക്കിരുന്ന റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 305 പേർ വിജയിച്ചു. സയൻസ് സ്ട്രീമിൽ 95.4 ശതമാനം മാർക്കുമായി ആയിഷ അസീം, റഷാ ഫാത്തിമ മഖ്ബൂൽ എന്നിവർ ഒന്നാം സ്ഥാനം നേടി. 95.2 ശതമാനം മാർക്ക് നേടിയ ജൂലി ജബാ സൗന്ദര്യ ജവഹർ രണ്ടും 94.6 ശതമാനം മാർക്കുമായി ശാദിയ മുഹമ്മദ് അലി മൂന്നും സ്ഥാനം കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തിൽ നയോമി ആൻ മാത്യു (94.4 ശതമാനം), ഫർഹീൻ ഇംതിയാസ് (93.2 ശതമാനം), ലിന്റോ ഇടിക്കുള (88.4 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ റഹ്മ ഷാ 91.8 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 87.2 ശതമാനം മാർക്കുമായി മനാൽ, സാന്യ സുരേഷ് നമ്പ്യാർ, ഷമീം സൈഫുല്ല എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 86.4 ശതമാനം മാർക്ക് നേടിയ ആലിയക്കാണ് മൂന്നാം സ്ഥാനം.
150 വിദ്യാർഥികൾ ഡിസ്റ്റിംഗ്ഷൻ നേടി. 273 കുട്ടികൾ ഡിസ്റ്റിംഗ്ഷനോടു കൂടിയ ഫസ്റ്റ് ക്ലാസ് മാർക്ക് നേടിയിട്ടുണ്ട്. 30 കുട്ടികൾക്ക് സെക്കൻഡ് ക്ലാസും രണ്ട് കുട്ടികൾക്ക് തേർഡ് ക്ലാസുമാണ്.