* സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ സ്‌കൂളിന് ഒന്നാം സ്ഥാനം
ദമാം- സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പുറത്തു വന്നതോടെ ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ മികച്ച വിജയം നേടി വീണ്ടും സൗദിയിൽ ഒന്നാമതെത്തി. സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സ്ട്രീമുകളിലും ദമാം സ്‌കൂളിലെ വിദ്യാർഥികൾക്കാണ് സൗദിയിൽ ഒന്നാം സ്ഥാനം.
97 ശതമാനം മാർക്ക് നേടിയ ഷഹസിൻ ഷാജി സയൻസ് സ്ട്രീമിൽ സൗദിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 96 ശതമാനം മാർക്കോടെ കുൽസൂം ഫാത്തിമ രണ്ടും 95.8 ശതമാനം മാർക്കോടെ ആനന്ദ് കുമാർ മൂന്നും സ്ഥാനങ്ങളിലെത്തി. 704 വിദ്യാർഥികൾ പരീക്ഷ എഴുതിയ ദമാം ഇന്ത്യൻ സ്‌കൂൾ 99.4 ശതമാനം വിജയം കരസ്ഥമാക്കിയാണ് വീണ്ടും മികവു തെളിയിച്ചത്.
96.4 ശതമാനം മാർക്ക് നേടിയ ശൈലി ബി.പരീഖ് കൊമേഴ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി. 95.8 ശതമാനം മാർക്കോടെ സാന്ദ്ര മാത്യു രണ്ടും 95.2 ശതമാനം മാർക്കോടെ റിദ അബ്ദുല്ല മൂന്നും സ്ഥാനങ്ങളിലെത്തി.
96 ശതമാനം മാർക്കോടെ ജ്യോത്സ്‌ന ജോസഫിനാണ് ഹ്യുമാനിറ്റീസിൽ ഒന്നാം സ്ഥാനം. 95.6 ശതമാനം മാർക്കോടെ ലറീസ്സ ക്ലൈറ്റസ്, ഐശ്വര്യ എന്നിവർ രണ്ടാം സ്ഥാനവും, 95.6 ശതമാനം മാർക്കോടെ സഹബിയ്യ മുർത്തസ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ആനന്ദ് കുമാർ ഗണിത ശാസ്ത്രത്തിലും, മഹ്മൂദ് ഖാജ കെമിസ്ട്രിയിലും, ശൈലി ബി.പരീഖ് ഇക്കണോമിക്‌സിലും, അലീന ഹന്ന ഹോം സയൻസിലും, ജ്യോത്സ്‌ന ജോസഫ്, ലറീസ്സ ക്ലൈറ്റസ്, ഐശ്വര്യ, സഹബിയ്യ എന്നിവർ സൈക്കോളജിയിലും ആസിയ സമീന, ഫാത്തിമ തനീഷ, നസ്മിയ നസീർ, ആഷ്‌ലി വർഗീസ്, റെബേക്ക സൈമൺ, സാന്ദ്ര മറിയം, ഉമ്മി മൽക്കാൻ, അഫ്‌റ ഖനം എന്നിവർ ബയോ ടെക്‌നോളജിയിലും നൂറു ശതമാനം മാർക്ക് നേടി. 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി 114 വിദ്യാർഥികൾ വിജയിച്ചു.
ദമാം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ആർ.സുനിൽ മുഹമ്മദ്, പ്രിൻസിപ്പൽ സുബൈർ അഹമ്മദ് ഖാൻ, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ കുട്ടികളെയും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു.