Sorry, you need to enable JavaScript to visit this website.

ജയിലില്‍ പോകാന്‍ ദുബായില്‍ പാക് പൗരന്‍ ഇന്ത്യക്കാരനെ കഴുത്തുഞെരിച്ചു കൊന്നു

ദുബായ്- എന്തെങ്കിലും കുറ്റകൃത്യം നടത്തി ജയിലില്‍ പോകാന്‍ തുനിഞ്ഞ പാക്കിസ്ഥാനി നിര്‍മാണ തൊഴിലാളി കൂടെ ജോലി ചെയ്ത ഇന്ത്യക്കാരനെ കഴുത്ത്‌ഞെരിച്ചു കൊലപ്പെടുത്തി. 27-കാരനായ പ്രതി ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ നേരിടുകയാണ്. സഹോദരനുമായുള്ള ഉടക്കിനെ തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകാതിരിക്കാനാണ് ഇയാള്‍ കൃത്യം ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. കൊല നടത്തി ജയിലിലായാല്‍ നാട്ടിലേക്കു പോകാന്‍ കഴിയാതെ വരുമെന്ന് പ്രതി കണക്കുകൂട്ടിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇയാല്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളുമായി പ്രതിക്ക് മുന്‍വൈരാഗ്യമോ മറ്റോ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. 

അല്‍ റാശിദിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്. നാദല്‍ ഹമറിലെ ഒരു കെട്ടിടനിര്‍മ്മാണ സ്ഥലത്തുവച്ചാണ് പ്രതി സഹപ്രവര്‍ത്തകനെ കൊന്നത്. തുണി ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ജോലിക്കിടെ വിശ്രമത്തിനുള്ള ഇടവേളയില്‍ ഉറങ്ങുന്നതിനിടെയാണ് പ്രതി ഇന്ത്യക്കാരനെ കീഴ്‌പ്പെടുത്തി കഴുത്തില്‍ തുണി കുരുക്കിയത്. ഇതു കണ്ട കൂടെയുള്ളവര്‍ പ്രതിയെ പിടിച്ചു മാറ്റിയെങ്കിലും ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പട്രോള്‍ സംഘമെത്തി സംഭവസ്ഥലത്തു വച്ചുതന്നെ പ്രതിയെ പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ ഇന്ത്യക്കാരന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

തന്റെ നഗ്ന ചിത്രം മറ്റൊരാള്‍ മൊബൈലില്‍ പകര്‍ത്തി പാക്കിസ്ഥാനിലെ സഹോദരന് അയച്ചു കൊടുത്തതിനെതുടര്‍ന്ന് പ്രതിക്ക് സഹോദരന്റെ ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് തിരിച്ചു പേകാതിരിക്കാന്‍ വഴിതേടുകയായിരുന്നു പ്രതി. ഇങ്ങനെയാണ് കുറ്റകൃത്യം ചെയ്ത് ജയിലില്‍ പോകാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. കേസില്‍ മേയ് 13ന് വിചാരണ തുടരും.
 

Latest News