പാലക്കാട്- കാറിൽ സ്പിരിറ്റ് കടത്താനുള്ള ശ്രമം എക്‌സൈസ് തടഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട സി.പി.എം പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗവും, അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിൽ കുമാറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലായിരുന്നു തീരുമാനമെന്ന് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
മെയ് ഒന്നിന് തത്തമംഗലത്താണ് അത്തിമണി അനിൽ എന്നറിയപ്പെടുന്ന അനിൽ കുമാറിന്റെ നേതൃത്വത്തിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 480 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടുന്നത്. സംഭവത്തിൽ തത്തമംഗലം വഴുവക്കോട് മണികണ്ഠനെ (54) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തെങ്കിലും സംഘത്തിലെ പ്രധാനിയായ അനിൽ രക്ഷപ്പെട്ടു. എക്‌സൈസ് സംഘത്തെ കണ്ടതോടെ കാർ ഓടിച്ചിരുന്ന അനിൽ മറ്റൊരു കാറിൽ കയറി സ്ഥലം വിടുകയായിരുന്നത്രെ. കാറിൽ 15 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.
അത്തിമണി അനിലിന്റെ നേതൃത്വത്തിൽ ചിറ്റൂർ മേഖലയിൽ വൻതോതിൽ സ്പിരിറ്റ് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഒരു മാസത്തിലേറെയായി നടത്തി വരുന്ന പരിശോധനയുടെ ഫലമായിട്ടാണ് സ്പിരിറ്റ് പിടികൂടാനായത്.
മെയ് ഒന്നിന് തത്തമംഗലം മേട്ടുപ്പാളയം കെ.എസ്.ഇ.ബിക്ക് സമീപം ചേമൻ കുളത്തിനടുത്ത് സ്പിരിറ്റ് കൈമാറുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പാലക്കാട് ഐ.ബി വിഭാഗം സ്ഥലത്തെത്തിയത്. എക്‌സൈസുകാരെ തിരിച്ചറിഞ്ഞ അനിൽ കുറച്ചകലെ മാറ്റി നിർത്തിയിരുന്ന ചുവന്ന പോളോ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. നേരത്തെ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനിൽ. 2017ൽ ഗോപാലപുരം എക്‌സൈസ് ചെക്ക് പോസ്റ്റിൽ തന്റെ കാർ തടഞ്ഞതിന്റെ പേരിൽ അനിൽ എക്‌സൈസ് ജീവനക്കാരെ ആക്രമിച്ചിരുന്നു. ചിറ്റൂരിൽ നിന്ന് ഇയാൾക്കെതിരെ നിരവധി പരാതികൾ പാലക്കാട് ഐ.ബിക്ക് ലഭിച്ചിട്ടുണ്ട്. പിടിയിലായ മണികണ്ഠനെ ജോയന്റ് എക്‌സൈസ് കമ്മീഷണർ നിൽസൺ, ഡെപ്യൂട്ടി കമ്മീഷണർ സുലേഷ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർമാരായ രാജാ സിംഗ്, ബാബു തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും പ്രതികളുടെ വീടുകളും സ്ഥലങ്ങളും പരിശോധിക്കുകയും ചെയ്തു.
സ്പിരിറ്റിന്റെ ഉറവിടവും കൊണ്ടുപോകുന്ന സ്ഥലവുമടക്കമുള്ള വിവരങ്ങൾ അനിലിന് മാത്രമേ അറിയാവൂവെന്നും ഇതിനു മുമ്പും നിരവധി തവണ അനിൽ സ്പിരിറ്റ് കടത്തി പലർക്കും കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ മണികണ്ഠൻ പറഞ്ഞു. അനിലിനെ ഉടൻ പിടികൂടുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.