മനാമ- അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ ഭീഷണി മുഴക്കിയതു പോലെ ഹുർമുസ് കടലിടുക്ക് ഒരു ദിവസത്തേക്കു പോലും അടക്കുന്നതിന് ഇറാനെ അനുവദിക്കില്ലെന്ന് ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു. അമേരിക്കയും ഗൾഫ് രാജ്യങ്ങളും മേഖലയിലെ മറ്റു രാജ്യങ്ങളും യുദ്ധം ആഗ്രഹിക്കുന്നില്ല.
മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടും പണവും ആയുധങ്ങളും മിലീഷ്യകളെയും അയച്ചും ഗുരുതരമായ തെറ്റുകളാണ് ഇറാൻ ചെയ്തത്. ഇറാൻ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കാരണം ആണവ കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റമാണ്. നേരത്തെ ഒപ്പുവെച്ച ആണവ കരാറിൽ ഇറാൻ ആണവ പദ്ധതി മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ബാലിസ്റ്റിക് മിസൈൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഗൾഫ് രാജ്യങ്ങൾക്കാണ് ഏറ്റവും വലിയ ഭീഷണി. എത്രമാത്രം കയറൂരി വിടുന്നോ അതിനനുസരിച്ച് ഓരോ ദിവസവും ഇറാൻ ഭീഷണികൾ മുഴക്കുന്നു. തങ്ങളുടെ നയങ്ങൾ ഇറാൻ പുനഃപരിശോധിക്കണം. ഈ നയങ്ങളാണ് ഇറാനെ നാശത്തിന്റെ വക്കിലെത്തിച്ചത്. ഇറാനു വേണ്ടി യുദ്ധം ചെയ്യുന്നത് തുടരുന്നതിനു പകരം യെമനികളെ പോലെ ഹൂത്തികൾ പെരുമാറണം. യെമനിലെ ഇറാൻ ഇടപെടൽ ഗൾഫ് രാജ്യങ്ങളുടെ തന്ത്രപ്രധാന താൽപര്യങ്ങൾക്ക് ഭീഷണിയാണ്.
ഖത്തർ പ്രതിസന്ധിയിൽ പന്ത് ഇപ്പോൾ ഖത്തറിന്റെ കോർട്ടിലാണ്. റിയാദ് ഉച്ചകോടിയിലും ഏറ്റവും ഒടുവിൽ തുനീഷ്യയിൽ ചേർന്ന അറബ് ഉച്ചകോടിയിലും ഖത്തർ അവസരം പ്രയോജനപ്പെടുത്തിയില്ല. ഖത്തറിനു മേൽ അയൽ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയിട്ടില്ല. കരാറുകൾ മാനിക്കാത്തതിനാൽ ഖത്തറിന്റെ ഉപദ്രവങ്ങൾ ചെറുക്കുന്നതിനുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചത്. റിയാദ് ഉച്ചകോടിയിലേക്ക് ഖത്തർ അമീറിനെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ക്ഷണിച്ചിരുന്നു. എന്നാൽ ഈ ക്ഷണം ഖത്തർ അമീർ സ്വീകരിച്ചില്ല. തുനീഷ്യ ഉച്ചകോടിയിൽ സൽമാൻ രാജാവും ഖത്തർ അമീറും പങ്കെടുത്തു. ഗ്രൂപ്പ് ഫോട്ടോ സെഷനിൽ സൽമാൻ രാജാവിന്റെ മുന്നിലൂടെ കടന്നുപോയ ഖത്തർ അമീർ സൽമാൻ രാജാവിനോട് സലാം പറഞ്ഞില്ല. പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കുന്നതിനുള്ള ആഗ്രഹം ഖത്തറിന്റെ ഭാഗത്തു കാണുന്നില്ല. നിലവിലെ അതേ സ്ഥിതി തുടരാനാണ് അവർ ഇഷ്ടപ്പെടുന്നതെങ്കിൽ തങ്ങൾക്ക് യാതൊന്നും നഷ്ടപ്പെടാനില്ല. ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അമേരിക്ക മധ്യസ്ഥ ശ്രമം നടത്തിയിട്ടില്ല. കുവൈത്ത് ആണ് മധ്യസ്ഥ ശ്രമം നടത്തിയിരുന്നത്. ഖത്തർ പ്രതിസന്ധിക്ക് ഗൾഫ് സഹകരണ കൗൺസിലിന്റെ ചട്ടക്കൂടിനകത്തു നിന്നുള്ള പരിഹാരമാണ് വേണ്ടത്.
ഇറാഖിലെ ശിയാ പണ്ഡിതനും രാഷ്ട്രീയ, മിലീഷ്യ നേതാവുമായ മുഖ്തദ അൽസ്വദ്ർ നടത്തിയ ബഹ്‌റൈൻ വിരുദ്ധ പ്രസ്താവന ഇറാഖ് ഗവൺമെന്റ് അംഗീകരിച്ചത് ആക്ഷേപകരമാണ്. ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ അനുവദിക്കുന്നത് ഇറാഖിന്റെ താൽപര്യങ്ങളെ തന്നെയാണ് ആദ്യമായി പ്രതികൂലമായി ബാധിക്കുക.
സിറിയൻ ഭരണകൂടവുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നതിന് ബഹ്‌റൈൻ ധിറുതി കാണിക്കില്ല. സിറിയയുമായുള്ള നയതന്ത്ര ബന്ധം ബഹ്‌റൈൻ വിഛേദിച്ചിട്ടില്ല. മനാമയിലെ സിറിയൻ എംബസി അടച്ചുപൂട്ടിയിട്ടില്ല. ദമാസ്‌കസിലെ ബഹ്‌റൈൻ എംബസിയും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പ്രാദേശിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. എന്നാൽ ദമാസ്‌കസ് ബഹ്‌റൈൻ എംബസിയിൽ നയതന്ത്രജ്ഞരില്ല. സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന്റെ ചുമതല സിറിയക്കാരെ തന്നെ ഏൽപിക്കണം.
അറബ് ലീഗിലേക്കുള്ള സിറിയയുടെ മടക്കവുമായി ബന്ധപ്പെട്ട കാര്യത്തിൽ അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കും. സംയുക്ത അറബ് പങ്കാളിത്തത്തിലൂടെ സിറിയൻ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇത്തരമൊരു ശ്രമം ഇതുവരെയുണ്ടായിട്ടില്ല. പകരം, സിറിയൻ പ്രശ്‌നത്തിൽ ഇടപെടുന്നതിന് മേഖലാ ശക്തികളെ അനുവദിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. സിറിയയിലെ ഭീകര ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുന്നതിനു മുമ്പായി സിറിയൻ സംഘർഷത്തിന് പരിഹാരം കാണുന്നതിന് റഷ്യയും അന്താരാഷ്ട്ര സമൂഹവും ശക്തമായ ശ്രമങ്ങൾ നടത്തണം.
സിറിയൻ ഭരണകൂടത്തിന്റെ ദൗർബല്യം സൃഷ്ടിച്ച വിടവ് ഭീകര ഗ്രൂപ്പുകൾ നികത്തുകയായിരുന്നു. ചില രാജ്യങ്ങൾ പിന്തുണക്കുന്ന ഹിസ്ബുല്ല പോലുള്ള ഭീകര ഗ്രൂപ്പുകളുമുണ്ട്. സിറിയയുമായി ബന്ധമില്ലാത്ത ഇത്തരം ഗ്രൂപ്പുകൾ സിറിയയിൽ നിന്ന് പുറത്തു പോകണമെന്നും ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു.