Sorry, you need to enable JavaScript to visit this website.

എംഇഎസ് സ്വതന്ത്ര റിപ്പബ്ലിക്കോ? ബുര്‍ഖാ നിരോധനത്തിന് ഒരു കോളെജ് അധ്യാപകന്റെ വിയോജനക്കുറിപ്പ്‌

എംഇഎസ് മാനേജ്‌മെന്റിനു കീഴിലുള്ള കോളെജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുഖം മറക്കുന്ന വസ്ത്രധാരണരീതി വിലക്കി കൊണ്ട് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ഇറക്കിയ ഉത്തരവിന് മലപ്പുറം ഗവ. കോളെജ് അധ്യാപകന്‍ ഡോ. എസ്. ഗോപു ഫേസ്ബുക്കിലെഴുതിയ വിയോജനക്കുറിപ്പ്.

MES ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിച്ചു കൊണ്ട് പ്രസിഡൻറ് ഫസൽ ഗഫൂർ ഉത്തരവിറക്കിയിരിക്കുന്നു.പൊതുവേ പുരോഗമനപരവും സ്വീകാര്യവുമെന്നു തോന്നാവുന്ന ഈ നടപടി സർക്കാർ കലാലയങ്ങളിലേക്കും വ്യാപിപ്പിക്കണം എന്ന വാദം ഉയർന്നു കഴിഞ്ഞു....
എന്നാൽ, ഇന്ത്യയെപോലെ ഒരു മതേതര- ജനാധിപത്യ രാജ്യത്ത് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കാവുന്ന അപകടകരമായ നടപടിയാണ് ഇത്. ഒരു സ്ത്രീ മുഖാവരണം ധരിക്കണമെന്നോ,വേണ്ട എന്നോ നിശ്ചയിക്കാനുള്ള അവകാശം ആ സ്ത്രീക്കു മാത്രണ്.സ്ത്രീകൾ ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കുന്നത് അസംബന്ധമാണ് എന്നു പ്രസംഗിക്കാം, പ്രചരിപ്പിക്കാം... എന്നാൽ നിരോധനം ഏർപ്പെടുത്തുന്നത് (ഏത് ഇടത്തിലായാലും) ജനാധിപത്യ വിരുദ്ധമാണ്. സുരക്ഷയുടെയോ തിരിച്ചറിയലിന്റെയോ പ്രശ്നങ്ങൾ നേരിടുന്ന സന്ദർഭങ്ങളിൽ മുഖാവരണം മാറ്റാൻ ആവശ്യപ്പെടാം(വോട്ടെടുപ്പു വേളയിൽ ഇത് സാധാരണമാണ് ). അതിനപ്പുറം വിശ്വാസപരമായി ഒരാൾ പിന്തുടരുന്ന വേഷത്തെ ആ വ്യക്തി ഉപേക്ഷിക്കാത്തിടത്തോളം (അസംബന്ധമാണ് എന്ന് തോന്നിയോ, മടുപ്പു തോന്നിയോ, വിശ്വാസം നഷ്ടപ്പെട്ടോ, മറ്റേതെങ്കിലും ധാരണയാലോ...) അരുത് എന്ന് പറയാൻ എനിക്കും നിങ്ങൾക്കും ഫസൽ ഗഫൂറിനും എന്തവകാശം. MES ഒരു സ്വതന്ത്ര റിപ്പബ്ലിക്കൊന്നുമല്ല.

സ്റ്റേറ്റ് ബാങ്കുകളിൽ ചെന്നാൽ ഒരു അറിയിപ്പ് കാണാം. 'മാരകായുധങ്ങളുമായി ബാങ്കിനകത്ത് പ്രവേശിക്കുന്നത് ശിക്ഷാർഹമാണ്; എന്നാൽ സിക്കുകാർ കൃപാണം കൊണ്ടുവരുന്നത് ഇതിനാൽ തടയുന്നില്ല' എന്ന്. കൃപാണം എന്നാൽ കൂർത്ത,മൂർച്ചയുള്ള കത്തി ഇനത്തിൽ പെടുന്ന ഒന്നാണ്. ആളെ കൊല്ലാൻ വരെ സാധിക്കുന്നത്.പക്ഷെ ബാങ്കിനകത്ത് അത് നിരോധിക്കാത്തത് എന്തുകൊണ്ടാണ്? വിശ്വാസത്തിന് നമ്മുടെ ഭരണഘടന നൽകുന്ന സംരക്ഷണത്തിന്റെ ഭാഗമായ നിലപാടാണ് അത്.

ഫസൽ ഗഫൂറിന്റെ തിട്ടൂരം ഇന്ത്യൻ ഭരണഘടനക്കു മുകളിലാകുന്നത് എങ്ങനെയാണ്? വിശ്വാസ ചിഹ്നങ്ങളെല്ലാം അഴിച്ചു വെച്ച് വിദ്യാഭ്യാസ സ്ഥാപനത്തിനകത്തേക്ക് കയറണം എന്നാണോ? അങ്ങനെയെങ്കിൽ തട്ടം, മൊക്കന, പർദ്ദ, മതപഠിതാക്കളുടെ തലപ്പാവ്, ളോഹ, തിരുവസ്ത്രം,താലി, വിവാഹിതരായ ഹിന്ദു സ്ത്രീകൾ നെറ്റിയിലണിയുന്ന സിന്ദൂരം, ഏലസ്, ചന്ദനക്കുറി, മണ്ഡലകാലത്തെ കറുത്ത മുണ്ട്, കൊന്ത, പൂണൂല് അങ്ങനെ പലതുമുണ്ട് അഴിച്ചു വെക്കാൻ.. ഇവയിൽ പലതും പുരോഗമന സമൂഹത്തിന് ചേർന്നതല്ല,യുക്തിരഹിതമാണ് എന്നു വാദിക്കാം.ജനാധിപത്യ-മതേതരവാദികൾക്ക് എങ്ങനെയാണ് ആ വാദത്തെ അംഗീകരിക്കാനാവുക.? ഇനി, മുഖാവരണം സ്ത്രീ വിരുദ്ധമാണ് എന്ന വാദം പരിശോധിക്കാം. ഒരു സ്ത്രീയോട് മുഖാവരണം ധരിച്ചേ പുറത്തിറങ്ങാവൂ എന്നു പറയുന്നത് സ്ത്രീവിരുദ്ധതയാണ്. അതിനെ എതിർക്കാം. എന്നാൽ സ്വമേധയാ ഒരു സ്ത്രീ (വിശ്വാസത്തിന്റെ പേരിൽ ) മുഖാവരണം അണിഞ്ഞ് ജീവിക്കാൻ തീരുമാനിച്ചാൽ ആ സ്ത്രീയെ പടിക്കു പുറത്തു നിർത്താൻ നിങ്ങൾക്കും എനിക്കും MES നും എന്തധികാരം?

ഇന്ന്,മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിനെ അനുകൂലിച്ചാൽ, നാളെ മറ്റെന്തെങ്കിലും മറയ്ക്കാതെ / തുറന്നിട്ട് വരുന്നതിന് ആരെങ്കിലും നിരോധനം ഏർപ്പെടുത്തിയാൽ എന്തു പറയാൻ നമുക്കാവും? നഗ്നമായി നടക്കാൻ പോലും അവകാശമുള്ള, മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കാതെ ഒരു വ്യക്തിക്ക് ഏതുവിധേനയും തന്നെ ആവിഷ്ക്കരിക്കാൻ സാധിക്കുന്ന വിശാല ജനാധിപത്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്; അവിടെ നിരോധനങ്ങൾക്ക് പ്രസക്തിയില്ല...

സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും എല്ലാ മതങ്ങളിലുമുണ്ട്. എതിർക്കപ്പെടേണ്ട അത്തരം ഘടകങ്ങൾക്കെതിരെ ജനാധിപത്യപരമായ പ്രചാരണം അതത് സമൂഹങ്ങൾക്കുള്ളിലും പുറത്തും സാധ്യമാവുകതന്നെവേണം... നവോത്ഥാനത്തിന്റെ ചരിത്രം അതാണ്. അപരവെറിയും അപരഹാനിയും സൃഷ്ടിക്കുന്നതെല്ലാം തുടച്ചു നീക്കപ്പെടണം എന്നതിൽ തർക്കവുമില്ല... എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ജനാധിപത്യവിരുദ്ധമായ അധികാരപ്രയോഗം ഫാസിസത്തിലേക്കുള്ള വഴിയാണ് തുറന്നിടുക. ലളിതയുക്തികൾ കൊണ്ട് അതിനെ ന്യായീകരിക്കുന്നതിൽ അർത്ഥമില്ല...

മുഖാവരണം ഉൾപ്പടെ മതം അനുശാസിക്കുന്നതോ അല്ലാത്തതോ ആയ ഏത് അസംബന്ധവും വ്യക്തിപരമായി പിന്തുടരുന്നവർ അത് തുടരട്ടെ...
ഈ മനോഹര തീരത്തെ അസുലഭ മനുഷ്യജന്മത്തിൽ എന്തൊക്കെയാണ് തങ്ങൾക്ക് നഷ്ടമാകുന്നത് എന്നു തിരിച്ചറിയുമ്പോൾ അവർ സ്വയം തിരുത്തട്ടെ...
തിരുത്തിയില്ലെങ്കിൽ അങ്ങനെതന്നെ ജീവിച്ചു തീരട്ടെ...

Latest News