കോഴിക്കോട്- മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) നടത്തുന്ന കോളെജുകളില്‍ നിഖാബ് നിരോധിച്ചു കൊണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ ഡ്രസ് കോഡ്. ഇതു സംബന്ധിച്ച് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ മാനേജ്‌മെന്റിനു കീഴിലുള്ള കോളെജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അയച്ച സര്‍ക്കുലര്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥിനികളെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രം ധരിച്ച് ക്ലാസില്‍ വരാന്‍ അനുവദിക്കരുതെന്നാണ് കോളെജുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിഖാബ് എന്ന പദം ഉപയോഗിച്ചിട്ടില്ലെങ്കിലും മുഖം മറയുന്ന വസ്ത്രമെന്ന് സര്‍ക്കുലറില്‍ വ്യക്തമായി പറയുന്നുണ്ട്. വിവാദത്തിന് ഇടംകൊടുക്കാതെ 2019-20 അധ്യയന വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങള്‍ ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ കോളെജ് മാനേജ്‌മെന്റുകള്‍ ജാഗ്രത പുലര്‍ത്തണം. വിദ്യാഭ്യാസത്തിലൂടെ മുസ്ലിം സാമൂഹ്യം സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കുന്ന എംഇഎസ്സിന് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പാഠ്യ-പാഠ്യേതര മികവിനൊപ്പം വേഷവിധാനങ്ങളിലും തികഞ്ഞ ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കേരള ഹൈക്കോടതിയുടെ 2018ലെ ഒരു വിധി ചൂണ്ടിക്കാട്ടിയാണ് എംഇഎസ് നിഖാബിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 17ന് കോളെജുകള്‍ക്ക് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അയച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ വിവാദമായിരിക്കുകയാണ്. വിവിധ മുസ്ലിം സംഘനടകള്‍ എംഇഎസ് നീക്കത്തിനെതിരെ രംഗത്തു വന്നു. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റേയും അവകാശത്തിന്റേയും പരസ്യ ലംഘനമാണിതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എംഇഎസിനെതിരെ സോഷ്യല്‍ മീഡിയയിലും മുസ്ലിം സംഘടനകള്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. 'മുഖം മറച്ച് എംഇഎസ് സ്ഥാപനങ്ങളില്‍ പഠിക്കാനും തൊഴിലെടുക്കാനും സ്ത്രീകള്‍ക്ക് ആഗ്രമുണ്ടെങ്കില്‍ അതു നടക്കുക തന്നെ ചെയ്യും. ഇത് വെള്ളരിക്കാ പട്ടണമല്ല, കേരളമാണ്'- എസ്.കെ എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചു. നിഖാബ് നിരോധനം എംഇഎസിന്റെ ഇസ്ലാംഭീതിയാണെന്ന് എസ്.എസ്.എഫ് പ്രതികരിച്ചു.