Sorry, you need to enable JavaScript to visit this website.

കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍- കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന  പിലാത്തറ യു.പി സ്‌കൂളിലെ 19-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ സി.പി.എം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുതാഴം പഞ്ചായത്ത് സി.പി.എം അംഗം എം.വി. സലീന, മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യ, പത്മിനി ദേര്‍മാല്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. സ്വാധീനം ഉപയോഗിച്ചു മറ്റുള്ളവരുടെ അവകാശം നിഷേധിക്കുക, ആള്‍മാറാട്ടം നടത്തുക എന്നിവയാണു കുറ്റങ്ങള്‍. ഐപിസി 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകള്‍.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കള്ളവോട്ട് ചെയ്ത കാര്യം സ്ഥിരീകരിച്ചിരുന്നു. ആരോപണ വിധേയരുടെ വാദം കൂടി കേട്ട ശേഷമാണ് പരിയാരം പോലിസ് കേസെടുത്തത്.
സലീന കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട്  ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് തെളിഞ്ഞവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇടതുപക്ഷ അനുഭാവികള്‍ കള്ളവോട്ട് ചെയ്തതായി വ്യക്തമായത്. ഈ ദൃശ്യങ്ങള്‍ പോലിസ് തെളിവായി സ്വീകരിക്കും.

ഇടതു സ്ഥാനാര്‍ഥി കെ.പി. സതീശ് ചന്ദ്രന്റെ പിലാത്തറയിലെ ബൂത്ത് ഏജന്റ് രാജേഷ് മരങ്ങാടനാണു കള്ളവോട്ടിനു സഹായിച്ചതെന്നു ടിക്കാറാം മീണ പറഞ്ഞിരുന്നു. ഇയാളെക്കുറിച്ച് അന്വേഷണം നടത്തും.

 

Latest News