ലണ്ടൻ- യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ തീപാറുന്ന സെമി ഫൈനൽ ആദ്യ പാദത്തിൽ ബാഴ്‌സലോണക്ക് ജയം. ലിയണൽ മെസ്സിയുടെ ഇരട്ടഗോളിൽ ലൂയി സോറസിന്റെ ആദ്യഗോൾ കൂടി ചേർന്നതോടെ ബാഴ്‌സയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കമായി. മത്സരത്തിന്റെ ഇരുപത്തിയേഴാം മിനിറ്റിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ബാഴ്‌സയുടെ ആദ്യഗോൾ പിറന്നത്. ലൂയി സോറസിന്റെ വകയായിരുന്നു ഈ ഗോൾ.
പിന്നീട് ആദ്യപകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കം അലസമായിട്ടായിരുന്നെങ്കിലും എഴുപത്തിയഞ്ചാമത്തെ മിനിറ്റിൽ ലിവർപൂളിന്റെ പ്രതിരോധക്കോട്ട തകർത്ത് മെസി ഗോൾ നേടി. സോറസ് അടിച്ച പന്ത് ബാറിൽ തട്ടി മടങ്ങിയെത്തിയപ്പോൾ മെസി റീ ബൗണ്ടിൽ ഗോളാക്കുകയായിരുന്നു. ഏഴു മിനിറ്റിന് ശേഷം ഒരിക്കൽ കൂടി മെസി ലിവർപൂളിന്റെ വല ചലിപ്പിച്ചു. ഇത്തവണ 26 വാര അകലെ നിന്നെടുത്ത ഫ്രീ കിക്കിൽനിന്നായിരുന്നു മെസിയുടെ സൂപ്പർ ഗോൾ. തന്റെ മുന്നിൽ മതിലായി നിലയുറപ്പിച്ച ലിവർപൂൾ താരങ്ങളെ നോക്കുകുത്തിയാക്കി പോസ്റ്റിന്റെ വലതുമൂലയിലേക്ക് മെതിയുടെ പന്ത് പാഞ്ഞുകയറി.