Sorry, you need to enable JavaScript to visit this website.

കല്ലട ബസിലെ ആക്രമണം: എസ്.ഐ  അടക്കം നാലു പോലീസുകാരെ മാറ്റി

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കൊച്ചി- കല്ലട ബസിലെ ആക്രമണത്തിൽ എസ്.ഐ അടക്കം നാലു പോലീസുകാരെ മാറ്റി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിച്ച് ബസിൽ നിന്നിറക്കിവിട്ട കേസ് അന്വേഷിച്ചിരുന്ന മരട് എസ്.ഐ ബൈജു മാത്യു അടക്കം നാലു പോലീസുകാരെയാണ് സ്ഥലംമാറ്റിയത്. സംഭവത്തിൽ മരട് പോലീസ് വേണ്ടവിധത്തിൽ സഹകരിച്ചില്ലെന്നും അക്രമികൾക്ക് കൂട്ടുനിന്നുവെന്നും ബസിൽ വെച്ച് മർദനമേറ്റ യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. എസ്.ഐ ബൈജു മാത്യുവിനെ കൂടാതെ രണ്ടു സി.പി.ഒമാർക്കും പോലീസ് ഡ്രൈവറിനുമാണ് സ്ഥലം മാറ്റം.
കഴിഞ്ഞ മാസം 23 ന് പുലർച്ചെ വൈറ്റിലയിലെ കല്ലട ട്രാവൽസിന്റെ ഓഫീസിന് മുന്നിൽ വെച്ചാണ് യാത്രക്കാർക്ക് മർദനമേറ്റത്. 22 ന് പുലർച്ചെ തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയിൽ വെച്ച് ബ്രേക്ക് ഡൗൺ ആയി. പകരം സംവിധാനം ഏർപ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡിൽ നിർത്തിയിട്ടു. ഇത് ചോദ്യം ചെയ്ത ബസിലെ യാത്രക്കാരോട് ജീവനക്കാർ തട്ടിക്കയറുകയും ചെയ്തു. തുടർന്ന് ഹരിപ്പാട് പോലീസ് ഇടപെട്ടാണ് കൊച്ചിയിൽ നിന്ന് പകരം ബസ് സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ കൊണ്ടുപോയത്. 
ഈ വാഹനം 23 ന് പുലർച്ചെ 4.30ന് വൈറ്റിലയിൽ കല്ലട ട്രാവൽസിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരു പറ്റം ജീവനക്കാർ തൃശൂർ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിൻ, പാലക്കാട് സ്വദേശി അഷ്‌കർ എന്നിവരെ ബസിനുള്ളിൽ കയറി മർദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ ബസിൽ നിന്നും വലിച്ചു പുറത്തിറക്കിയ ശേഷം ബസ് ബംഗളൂരുവിലേക്ക്് യാത്ര തുടർന്നു. മർദനത്തിൽ അവശരായ ഇവർ സമീപമുള്ള കടയിൽ അഭയം പ്രാപിച്ചു. 

മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കല്ലട ബസിലെ ഏഴു ജീവനക്കാരെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇതു കൂടാതെ ബസുടമ സുരേഷ് കല്ലടയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. ഇതിനിടയിലാണ് കേസ് തുടക്കത്തിൽ അന്വേഷിച്ച മരട് എസ്.ഐ അടക്കമുള്ള നാലു പോലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്. തുടക്കത്തിൽ പോലീസ് വേണ്ട വിധത്തിൽ സഹകരിച്ചിരുന്നില്ലെന്ന് ആദ്യം തന്നെ മർദനമേറ്റ യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. 

Latest News