തലശ്ശേരി- കല്യാണദിവസം വരനെ കാണാതായി. ആശങ്കയോടെ ബന്ധുക്കളും പെൺവീട്ടുകാരും. തലശ്ശേരിയിലെ കരിയാട്ടാണ് കല്യാണം നടക്കേണ്ടിയിരുന്ന ദിവസമായ ഇന്നലെ വരനെ കാണാതായത്. അതോടെ കല്യാണം മുടങ്ങുകയും മംഗല്യവതിയാവാൻ കാത്തിരുന്ന യുവതിയും വീട്ടുകാരും കണ്ണീരിലാവുകയും ചെയ്തത്.
കരിയാട്ടെ പുറക്കാട് കുന്നിൻചരുവിൽ പറമ്പത്ത് സനീഷിനെയാണ് കല്യാണ ദിവസം കാണാതായത്. ഇതിനിടെ സനീഷിന്റെ ബൈക്ക് മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കുന്ദമംഗലം സ്വദേശിനിയുമായി സനീഷിന്റെ വിവാഹം ഇന്നലെ നടക്കേണ്ടിയിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കളും മറ്റും വീട്ടിലെത്തിയപ്പോഴാണ് വരനെ കാണാതായതായി അറിയുന്നത്. ബന്ധുക്കൾ ചൊക്ലി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.