കാസർകോട്- കല്യാശേരിയിൽ കള്ളവോട്ട് ചെയ്തതിന് ആരോപണവിധേയനായ മുഹമ്മദ് ഫായിസ് പ്രതികരണവുമായി രംഗത്ത്. താൻ ലീഗ് പ്രവർത്തകനല്ലെന്നും നാലു വർഷമായി ലീഗുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും മുഹമ്മദ് ഫായിസ് വ്യ്കതമാക്കി. നിലവിൽ സി.പി.എം അനുഭാവിയാണെന്നും ഓപൺ വോട്ടിനെ പറ്റി അന്വേഷിക്കാനാണ് ക്യൂവിൽനിന്നതെന്നും ഓപൺ വോട്ട് ചെയ്തില്ലെന്നും ഫായിസ് വ്യക്തമാക്കി. മുമ്പ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്നുവെന്നും അഭിപ്രായ ഭിന്നതയെ തുടർന്ന് ലീഗുമായി സഹകരിക്കുന്നില്ലെന്നും മുഹമ്മദ് ഫായിസ് സ്വകാര്യചാനലിനോട് പറഞ്ഞു. തനിക്കെതിരായ ആരോപണത്തെ നിയമപരമായി നേരിടുമെന്നും ഫായിസ് പറഞ്ഞു.
കുടുംബത്തിലുള്ള ആൾക്ക് വേണ്ടിയായിരുന്നു ഓപൺ വോട്ട് ചെയ്യാൻ വന്നത്. പക്ഷെ അതിന് സാധിച്ചില്ല.
അതെ സമയം കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് സ്ഥിരീകരിച്ച് കാസർകോട് ജില്ലാ കലക്ടർ രംഗത്ത് വന്നു. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിൽ വോട്ട് ചെയതു. ഇയാളുടെ മൊഴി കലക്ടർ നാളെ നേരിട്ട് രേഖപ്പെടുത്തുമെന്നും ഹാജരാകാൻ ആവശ്യപ്പെട്ട് ഫായിസിന് നോട്ടീസ് നൽകിയെന്നും കലക്ടർ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ കള്ളവോട്ട് ആരോപണത്തിൽ തെളിവെടുപ്പ് തുടരുകയാണ്.