Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി, വാഹന പോളിസികള്‍ കുറഞ്ഞു; മൊത്തം തുക 3500 കോടി റിയാല്‍

റിയാദ് - ഇൻഷുറൻസ് പോളിസി ഏർപ്പെടുത്തുന്നതിന് സൗദിയിലെ ഉപയോക്താക്കൾ കഴിഞ്ഞ വർഷം ചെലവഴിച്ചത് 3501 കോടി റിയാലാണെന്ന് കണക്ക്. 2017 ൽ ഇത് 3650 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇൻഷുറൻസ് പോളിസി ഇനത്തിൽ ചെലവഴിച്ച തുകയിൽ 4.1 ശതമാനം കുറവ് രേഖപ്പെടുത്തി. 2018 ൽ ഇൻഷുറൻസ് പോളിസി തുകയിൽ 149 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 


 ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനത്തിൽ കഴിഞ്ഞ വർഷം നാലര ശതമാനം വളർച്ച രേഖപ്പെടുത്തി. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് സൗദിയിലെ ഉപയോക്താക്കൾ കഴിഞ്ഞ വർഷം 1988 കോടി റിയാൽ ചെലവഴിച്ചു.  പത്തു വർഷത്തിനിടെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് ഉപയോക്താക്കൾ ചെലവഴിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. 2017 ൽ ഇത് 1904 കോടി റിയാലാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് ചെലവഴിച്ചത്. 


വാഹന ഇൻഷുറൻസ് പോളിസികൾക്ക് കഴിഞ്ഞ വർഷം ചെലവഴിച്ച പണത്തിൽ 15.4 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 942 കോടി റിയാലാണ് വാഹന ഇൻഷുറൻസിന് സൗദിയിലെ ഉപയോക്താക്കൾ ചെലവഴിച്ചത്. 2017 ൽ ഇത് 1114 കോടി റിയാലായിരുന്നു. സൗദിയിലെ മൊത്തം ഇൻഷുറൻസ് വിപണിയുടെ 56.8 ശതമാനം ആരോഗ്യ ഇൻഷുറൻസും 26.9 ശതമാനം വാഹന ഇൻഷുറൻസുമാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഇൻഷുറൻസ് മേഖലയുടെ വിഹിതം 1.3 ശതമാനമായി കഴിഞ്ഞ വർഷം കുറഞ്ഞു. 
2017 ൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഇൻഷുറൻസ് മേഖലയുടെ വിഹിതം 1.4 ശതമാനമായിരുന്നു. പെട്രോളിതര മേഖലയിൽ ഇൻഷുറൻസ് മേഖലയുടെ വിഹിതം 2.5 ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി കുറഞ്ഞു. 


മൊത്തം ആഭ്യന്തരോൽപാദനത്തിലും പെട്രോളിതര മേഖലയിലും ഇൻഷുറൻസ് മേഖലയുടെ സംഭാവന നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് കഴിഞ്ഞ കൊല്ലം താഴ്ന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ ഓരോരുത്തരും ശരാശരി 1048 റിയാൽ തോതിൽ ഇൻഷുറൻസിന് ചെലവഴിച്ചതായാണ് കണക്ക്. 2017 ൽ ഇത് 11179 റിയാലായിരുന്നു. കഴിഞ്ഞ വർഷം ഇൻഷുറൻസിന് ഓരോരുത്തരും ചെലവഴിച്ച ശരാശരി തുകയിൽ 71 റിയാലിന്റെ കുറവ് രേഖപ്പെടുത്തിയെന്നും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News