Sorry, you need to enable JavaScript to visit this website.

സൗദി സ്വര്‍ണ ഖനികള്‍ക്കു കീഴില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നു; അന്താരാഷ്ട്ര കമ്പനികളുമായി കരാര്‍

പ്രതിവർഷ സ്വർണ ഉൽപാദനം പത്തു ലക്ഷം ഔൺസ് ആയി ഉയർത്തുക ലക്ഷ്യം

റിയാദ് - സ്വർണ ഉൽപാദന മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് വിദേശ കൺസോർഷ്യവുമായി സൗദി അറേബ്യൻ മൈനിംഗ് കമ്പനി(മആദിൻ)ക്കു കീഴിലെ മആദിൻ ഗോൾഡ് കമ്പനി കരാർ ഒപ്പുവെച്ചു. തായിഫിനു സമീപമുള്ള മൻസൂറ, മസറ സ്വർണ ഖനികളുടെ നവീകരണത്തിനും ഖനികൾക്കു കീഴിൽ സ്വർണ ഫാക്ടറി സ്ഥാപിക്കുന്നതിനുമാണ് ഔട്ടോടെക്, ലാർസൻ ആന്റ് ട്യൂബ്രോ ഇന്റർനാഷണൽ കമ്പനികൾ ചേർന്ന് സ്ഥാപിച്ച കൺസോർഷ്യവുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്.

ഖനികൾ നവീകരിക്കുന്നതിനുള്ള എൻജിനീയറിംഗ് ജോലികൾ, നിർമാണ ജോലികൾ, ഖനികളും ഫാക്ടറിയും പ്രവർത്തിക്കുന്നതിനു മുന്നോടിയായി സജ്ജീകരണങ്ങൾ ഒരുക്കൽ, ഖനികളും ഫാക്ടറിയും പ്രവർത്തിപ്പിക്കുന്നതിലും മെയിന്റനൻസ് ജോലികളിലും സ്വദേശികൾക്ക് പരിശീലനം നൽകൽ എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുന്നു. 


പ്രതിവർഷം രണ്ടര ലക്ഷം ഔൺസ് സ്വർണം ഉൽപാദിപ്പിക്കുന്നതിന് ശേഷിയുള്ള സ്വർണ ഖനി പദ്ധതിയാണിത്. പദ്ധതിയിൽ ആകെ 330 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തും. നവീകരണ, സജ്ജീകരണ ജോലികൾ പൂർത്തിയായി 2022 ൽ പദ്ധതിയിൽ സ്വർണ ഉൽപാദനം ആരംഭിക്കും. പ്രതിവർഷം നാൽപതു ലക്ഷം ടൺ തെർമൽ അയിരുകൾ സംസ്‌കരിക്കുന്നതിന് ഫാക്ടറിക്ക് ശേഷിയുണ്ടാകും. മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ പെട്ട സ്വർണ അയിര് സംസ്‌കരിക്കുന്നത്. മൻസൂറ, മസറ ഖനികൾ ഏറ്റവും വലിയ സ്വർണ ഖനികളാണെന്നതിനു പുറമെ, ഇത്തരത്തിൽ പെട്ട സ്വർണ അയിരുകൾ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക വെല്ലുവിളികളും കൂടി കണക്കിലെടുത്താൽ വലിയ ചുവടുവെപ്പാണ് മആദിൻ ഇപ്പോൾ നടത്തിയിരിക്കുന്നത്. 


പ്രതിവർഷ സ്വർണ ഉൽപാദനം പത്തു ലക്ഷം ഔൺസ് ആയി ഉയർത്തുന്നതിനുള്ള മആദിൻ കമ്പനിയുടെ തന്ത്രത്തിലെ പ്രധാന ഘടകമാണ് ഈ പദ്ധതിയെന്ന് മആദിൻ പ്രസിഡന്റും സി.ഇ.ഒയുമായ ഡാരൻ ഡേവിസ് പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും. ഈ നേട്ടങ്ങളെല്ലാം വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സഹായകമാകും. ഊർജ സ്രോതസ്സായി സൗരോർജം ഉപയോഗിക്കുന്ന സൗദിയിലെ ആദ്യത്തെ ഖനി പദ്ധതിയാണിത്. ജല ലഭ്യത കുറഞ്ഞ ഖനി പദ്ധതി പ്രദേശത്തേക്ക് തായിഫിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്നതിന് 430 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. 


2017 ൽ ഉൽപാദനം ആരംഭിച്ച അൽദുവൈഹി ഖനി അടക്കം ആറു സ്വർണ ഖനികൾ മആദിൻ കമ്പനിക്കു കീഴിലുണ്ട്. കഴിഞ്ഞ കൊല്ലം അൽദുവൈഹി ഖനിയിൽ രണ്ടേമുക്കാൽ ലക്ഷം ഔൺസ് സ്വർണമാണ് ഉൽപാദിപ്പിച്ചത്. 
മആദിൻ കമ്പനിക്കു കീഴിലെ മആദിൻ ഗോൾഡ് കമ്പനി സ്വർണ, ചെമ്പ്, വെള്ളി, സിങ്ക് ഉൽപാദന-വിൽപന മേഖലയിൽ പ്രവർത്തിക്കുന്നു. കമ്പനിയുടെ ഉൽപാദനത്തിൽ കൂടുതലും സ്വർണമാണ്. കഴിഞ്ഞ വർഷം കമ്പനി 4,15,000 ഔൺസ് സ്വർണമാണ് ഉൽപാദിപ്പിച്ചത്. 2025 ഓടെ ഇത് പത്തു ലക്ഷം ഔൺസ് ആയി ഉയർത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.  
 

Latest News