റിയാദ് - സൗദിയിലെ വാണിജ്യ, നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ബിനാമി ബിസിനസ് വിരുദ്ധ നിയമം, കമ്പനി നിയമം, നിക്ഷേപ നിയമം എന്നിവ അടക്കം നിരവധി നിയമങ്ങൾ പുനഃപരിശോധിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് നീക്കമുള്ളതായി വകുപ്പ് മന്ത്രി ഡോ. മാജിദ് അൽഖസബി വെളിപ്പെടുത്തി. റിയാദിൽ ചേർന്ന പ്രഥമ പാപ്പര്‍ പരിഹാര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊമേഴ്‌സ്യൽ ആർബിട്രേഷൻ നിയമം ഈയാഴ്ചയോ അടുത്തയാഴ്ചയോ പ്രഖ്യാപിക്കും.
ബിസിനസ് മേഖലയിൽ അതിവേഗ പരിഷ്‌കരണങ്ങളും നവീകരണങ്ങളും ആവശ്യമാണ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ആവശ്യമായ നിയമ പശ്ചാത്തലങ്ങൾ ഒരുക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വലിയ ശ്രദ്ധയാണ് നൽകുന്നത്. സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന വകയിൽ അർഹരായവർക്ക് പണം വിതരണം ചെയ്യുന്ന കാര്യത്തിലുള്ള അഴിമതികൾ ഇഅ്തിമാദ് പ്ലാറ്റ്‌ഫോം ഇല്ലാതാക്കും. ഇ-കൊമേഴ്‌സ്, കൊമേഴ്‌സ്യൽ ഫ്രാഞ്ചൈസി, പ്രൊഫഷനൽ കമ്പനി, ചേംബർ ഓഫ് കൊമേഴ്‌സ്, അക്കൗണ്ടിംഗ്-ഓഡിറ്റിംഗ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ്, സൗദി സെന്റർ ഫോർ കൊമേഴ്‌സ്യൽ ആർബിട്രേഷൻ നിയമങ്ങളെല്ലാം പുനഃപരിശോധിച്ചുവരികയാണ്. ഇത് അന്തിമ ഘട്ടത്തിലാണ്. രാജ്യത്ത് ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളുമുള്ള വിദഗ്ധരും സ്ഥാപനങ്ങളും വകുപ്പുകളും അവ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും ഡോ. മാജിദ് അൽഖസബി പറഞ്ഞു.
കോൺട്രാക്ടർമാർക്ക് ലഭിച്ച കരാറുകൾ, കരാർ തുകകൾ എന്നിവയെല്ലാം ഇഅ്തിമാദ് പോർട്ടൽ വഴി ബാങ്കുകൾക്ക് പരിശോധിക്കുന്നതിന് ഈ വർഷാവസാനമോ അടുത്ത വർഷമോ അവസരം ഒരുങ്ങുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. പോർട്ടൽ വഴി കരാറുകാരുടെ ധനസ്ഥിതിയും മറ്റും വിലയിരുത്തി അവർക്ക് വായ്പകൾ അനുവദിക്കുന്ന കാര്യത്തിൽ ബാങ്കുകൾക്ക് അനുയോജ്യമായ തീരുമാനം വേഗത്തിലെടുക്കുന്നതിനും സാധിക്കും. ഇത് കരാറുകാർക്കും ഗവൺമെന്റിനും ഗുണം ചെയ്യും. പാപ്പരത്ത നിയമം നടപ്പാക്കുന്നതിന് ഇരുപതു വർഷത്തിലേറെ കാലതാമസം നേരിട്ടു.
പദ്ധതികൾ നടപ്പാക്കിയ വകയിൽ കരാറുകാർക്കുള്ള വിഹിതം അറുപതു ദിവസത്തിനകം ധനമന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ പെയ്‌മെന്റ് ഓർഡർ ലഭിച്ച് 15 ദിവസത്തിനകം 95 ശതമാനം കരാറുകാർക്കും കമ്പനികൾക്കും പണം വിതരണം ചെയ്തു.
പണം ലഭിക്കാത്ത പക്ഷം ഗവൺമെന്റിനെതിരെ കേസ് നൽകുന്നതിന് കരാറുകാർക്ക് നിയമം അവകാശം നൽകുന്നുണ്ട്. കരാറുകാർക്കുള്ള വിഹിതം വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നതിൽ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ വകുപ്പുകൾക്കും സബ്കരാറുകാർക്കും ഉത്തരവാദിത്തമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.