മദീന - മസ്ജിദുന്നബവിയിൽ ഇഅ്തികാഫ് രജിസ്‌ട്രേഷന് തുടക്കമായി. മസ്ജിദുന്നബവികാര്യ വകുപ്പ് വെബ്‌സൈറ്റും ഹറമൈൻ ആപ്ലിക്കേഷനും വഴിയാണ് രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിരിക്കുന്നത്. വ്യത്യസ്ത ഭാഷകൾ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലുമുണ്ട്. മസ്ജിദുന്നബവിയുടെ പടിഞ്ഞാറു ഭാഗത്തെ ടെറസാണ് ഇഅ്തികാഫ് ഇരിക്കുന്നവർക്കു വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടെ എയർ കണ്ടീഷനറിന്റെ ശേഷി ഉയർത്തിയിട്ടുണ്ട്. റമദാൻ ഇരുപതു മുതൽ പെരുന്നാൾ രാവിൽ ഇശാ നമസ്‌കാരം പൂർത്തിയാകുന്നതു വരെയാണ് ഇഅ്തികാഫ് അനുവദിക്കുക. ആറാം നമ്പർ ഗോവണിയും പത്താം നമ്പർ ഗോവണിയും വഴിയാണ് ഭജനമിരിക്കുന്നവർ മസ്ജിദുന്നബവിയിൽ പ്രവേശിക്കേണ്ടത്. ഭിന്നശേഷിക്കാർക്കു വേണ്ടി ഒമ്പതാം നമ്പർ ലിഫ്റ്റ് നീക്കിവെച്ചിട്ടുണ്ട്. ഇഅ്തികാഫ് ഇരിക്കുന്നവർക്കിടയിൽ കമ്പിളിയും തലയിണയും ഭജനമിരിക്കുന്നതിന്റെ പുണ്യം വിശദീകരിക്കുന്ന ലഘുലേഖകളും അടങ്ങിയ കിറ്റുകൾ മസ്ജിദുന്നബവി കാര്യ വകുപ്പ് വിതരണം ചെയ്യും. മസ്ജിദുന്നബവിയുടെ പടിഞ്ഞാറ്, തെക്കു മുറ്റങ്ങളിലെ ഓഫീസുകൾ വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് കിറ്റുകൾ വിതരണം ചെയ്യുക.