മക്ക - പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിൽ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും എത്തുന്ന തീർഥാടക ലക്ഷങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ഹറംകാര്യ വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി.
ഹറംകാര്യ വകുപ്പിന്റെ റമദാൻ പദ്ധതി നടപ്പാക്കുന്നതിൽ പന്ത്രണ്ടായിരത്തിലേറെ ജീവനക്കാർ പങ്കാളിത്തം വഹിക്കും. ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളെയും ഹറംകാര്യ വകുപ്പ് നിയമിച്ചിട്ടുണ്ട്.
വിശുദ്ധ റമദാനിൽ ഹറമിലെ മുഴുവൻ കവാടങ്ങളും തുറന്നിടുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. വിശുദ്ധ ഹറമിൽ 210 കവാടങ്ങളാണുള്ളത്.
ഇരുപത്തിയെട്ടു എസ്‌കലേറ്ററുകളും ഭിന്നശേഷിക്കാർക്കുള്ള ഏഴു പ്രവേശന കവാടങ്ങളും ഏഴു അടിപ്പാതകളും മയ്യിത്തുകൾ പ്രവേശിപ്പിക്കുന്നതിന് ഒരു കവാടവും ഹറമിലുണ്ട്. സംസം വിതരണത്തിന് മാർബിൾ പതിച്ച് സജ്ജീകരിച്ച 660 ടാപ്പുകളും 352 സ്റ്റൈൻലസ് സ്റ്റീൽ ടാങ്കുകളും 25,000 ജാറുകളുമുണ്ട്. വയോജനങ്ങൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കുന്നതിന് പതിനായിരം സാദാ വീൽചെയറുകളും 1500 ഇലക്ട്രിക് വീൽചെയറുകളും ഹറംകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ഹറമിന്റെ മുറ്റങ്ങളിൽ ദിവസേന 1,10,000 ലേറെ പാക്കറ്റ് ഇഫ്താർ ഹറംകാര്യ വകുപ്പ് വിതരണം ചെയ്യും. ഇതിനു പുറമെ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കിടയിൽ ദിവസേന 5000 പാക്കറ്റ് ഇഫ്താറും ഹറംകാര്യ വകുപ്പ് വിതരണം ചെയ്യും. തീർഥാടകർക്ക് ലഗേജുകൾ സൂക്ഷിക്കുന്നതിന് ഏഴിടങ്ങളിൽ ലോക്കർ സൗകര്യമുണ്ട്. ഇവിടങ്ങളിൽ ആകെ 250 ലോക്കറുകളുണ്ട്. വിശുദ്ധ ഹറമിൽ ആകെ 15,000 ടോയ്‌ലറ്റുകളുണ്ട്. മണിക്കൂറിൽ 264 മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നതിന് സൗകര്യമുള്ള ചാർജിംഗ് പോർട്ടുകൾ അടങ്ങിയ 33 ബോർഡുകളും ഹറമിൽ ഒരുക്കിയിട്ടുണ്ട്.
മതകാര്യങ്ങളിൽ തീർഥാടകരെ ബോധവൽക്കരിക്കുന്നതിനും അറിവുകൾ നൽകുന്നതിനും പണ്ഡിതരുടെയും അധ്യാപകരുടെയും ക്ലാസുകൾ ഹറമിൽ സംഘടിപ്പിക്കും. 46 മുഫ്തികളും 29 അധ്യാപകരും 670 ക്ലാസുകൾ റമദാനിൽ നടത്തും. തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടികൾ നൽകുന്നതിന് 19 ഓഫീസുകൾ സജ്ജീകരിച്ചിട്ടുണ്ട്. പതിനാലു ലക്ഷം ലഘുകൃതികളും ഹറംകാര്യ വകുപ്പ് തീർഥാടകർക്കിടയിൽ വിതരണം ചെയ്യും. വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നവർക്കു വേണ്ടി ഹറമിലെ 35 ഇടങ്ങളിൽ ക്ലാസുകൾ നടത്തും.
ഹറമിലെ ജുമുഅ ഖുതുബ പത്തു ഭാഷകളിൽ തത്സമയം വിവർത്തനം ചെയ്യുന്നുണ്ട്. എഫ്.എം സാങ്കേതിക വിദ്യയിൽ ഖുതുബ വിവർത്തന സേവനം പ്രയോജനപ്പെടുത്തുന്നതിന് തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിന് അഞ്ചു ലക്ഷത്തിലേറെ ഇയർ ഫോണുകൾ ഒരുക്കിയിട്ടുണ്ട്. ബധിരർക്കു വേണ്ടി ആംഗ്യഭാഷയിൽ ഖുതുബ വിവർത്തനം ചെയ്യുന്നുണ്ട്. റമദാനിലെ അവസാന ഭാഗത്ത് ഇഅ്തികാഫ് (ഭജനമിരിക്കൽ) ഇരിക്കുന്നവർക്കു വേണ്ടി 1460 ലഗേജ് ലോക്കറുകൾ ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തോളം പേർക്കാണ് ഇഅ്തികാഫ് ലൈസൻസ് നൽകുക.
വയോജനങ്ങളെ ഹറമിൽ എത്തിക്കുന്നതിന് പതിനാലു ഗോൾഫ് കാർട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മയ്യിത്തുകളെ അനുഗമിച്ച് എത്തുന്ന ബന്ധുക്കളെ ഹറമിലും തിരിച്ചും എത്തിക്കുന്നതിന് 24 സീറ്റുകൾ വീതമുള്ള മൂന്നു വലിയ വൈദ്യുതി വണ്ടികളും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കിടയിൽ ഒരു ലക്ഷം മാപ്പുകളും അന്ധർക്കിടയിൽ 500 ലക്ഷം പ്രത്യേക മാപ്പുകളും ഹറംകാര്യ വകുപ്പ് റമദാനിൽ വിതരണം ചെയ്യുമെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.