കൊച്ചി- കേരളത്തിൽ ഇക്കഴിഞ്ഞ പുതുവൽസര ദിനത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തൽ. കൂടെയുള്ളവർ സഹായം ചെയ്യാത്തതിനാലാണ് കേരളത്തിൽ സ്‌ഫോടന പദ്ധതി നടക്കാതെ പോയതെന്ന് ഇയാൾ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കേരളത്തിൽ സ്‌ഫോടനം നടത്തണമെന്ന് നിർദ്ദേശിച്ചത് കേരളത്തിൽ നിന്നും ഐ.എസിൽ ചേർന്നവരായിരുന്നു. ഇതിനായി സ്‌ഫോടക വസ്തുക്കളും മറ്റും ശേഖരിക്കാനും ഇവർ നിർദ്ദേശിച്ചിരുന്നതായും റിയാസ് സമ്മതിച്ചുവെന്ന് എൻ.ഐ.എ വ്യക്തമാക്കി. കാസർകോട് ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് റിയാസിന്റെ അറസ്റ്റ് കൊച്ചിയിൽ രേഖപ്പെടുത്തിയത്.
കുറെനാളുകളായി റിയാസ് അബൂബക്കർ അടക്കമുള്ളവരുടെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു. ശ്രീലങ്കൻ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ നേതാവ് സർഫ്രാസ് ഹാഷിമുമായി റിയാസ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ വഴി സിറിയയിൽ എത്തിയ അബ്ദുൽ റഷീദ്, അബ്ദുൽ ഖയ്യൂം എന്നിവരുമായും നിരന്തര സമ്പർക്കം പുലർത്തി. ഇതേതുടർന്നാണ് റിയാസ് ദേശീയ സുരക്ഷാ ഏജൻസിയുടെ നിരീക്ഷണത്തിലായത്. 2016ൽ കാസർകോട് സ്വദേശികളായ 15 യുവാക്കൾ ഐ.എസിൽ ചേർന്ന കേസിലാണ് റിയാസിനെ പ്രതിചേർത്തിരിക്കുന്നത്. കാസർകോട് സ്വദേശികളായ അബദുൾ റഷീദ്, അബൂബക്കർ സിദ്ദീഖ് എന്നിവരെയും എൻ.ഐ.എ ചോദ്യം ചെയ്തുവരികയാണ്.