Sorry, you need to enable JavaScript to visit this website.

ഇരു ഹറമുകളും ഭക്തസാഗരമായി

മക്കയിലും മദീനയിലും റെക്കോർഡ് തിരക്ക്  മസ്ജിദുന്നബവിയുടെ ടെറസ് തുറന്നു 
 മൊബൈൽ ഫോണുകളിൽ സമയം കളയരുതെന്ന് സുദൈസ്

മക്ക - ലൗകിക ജീവിതത്തിന്റെ തിരക്കുകൾക്ക് താൽക്കാലിക വിട നൽകിയും ജഗന്നിയന്താവുമായി കൂടുതൽ അടുക്കുന്നതിനും അര ലക്ഷത്തോളം പേർ റമദാനിലെ അവസാന പത്തിൽ വിശുദ്ധ ഹറമിൽ ഭജനമിരിക്കുന്നതിന് (ഇഅ്തികാഫ്) ആരംഭിച്ചു. 
തറാവീഹ്, തഹജ്ജുദ്, നിർബന്ധ, ഐഛിക നമസ്‌കാരങ്ങളിലും ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും ദൈവിക കീർത്തനങ്ങളിലും മനസ്സും ശരീരവും അർപ്പിച്ച് പത്തു ദിവസം ഇവർ വിശുദ്ധ ഹറമിൽ കഴിച്ചുകൂട്ടും. 
ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നതിന് ആഗ്രഹിക്കുവരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ റമദാൻ ആദ്യം മുതൽ തന്നെ ആരംഭിച്ചിരുന്നു. നമസ്‌കാര പടം (മുസല്ല), തലയിണ, ഒരു സെറ്റ് ഇഹ്‌റാം തുണി എന്നിവ സൂക്ഷിക്കുന്നതിന് ഓരോരുത്തർക്കും പ്രത്യേക അലമാരകൾ ഹറംകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്. വിശുദ്ധ ഹറമിന്റെ അടിയിലെ നിലയിലാണ് ഇഅ്തികാഫിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഉംറ നിർവഹിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കാതെ നോക്കുന്നതിന് മസ്അയുടെ അടിയിലെ നിലയിൽ ഇഅ്തികാഫ് അനുവദിക്കുന്നില്ല. മറ്റുള്ള സ്ഥലങ്ങളിൽ വിശ്വാസികൾ ഭജനമിരിക്കുന്നത് പ്രത്യേക കമ്മിറ്റി തടയുന്നുണ്ട്.  
അതേസമയം, വിശുദ്ധ ഹറമിൽ വെച്ച് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് സെൽഫിയെടുക്കുന്നതിനും ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിനും സാമൂഹിക മാധ്യമങ്ങൾ പരിശോധിക്കുന്നതിനും സമയം കളയരുതെന്ന് ഹറംകാര്യ പ്രസിഡന്റും ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശ്വാസികളോട് ആവശ്യപ്പെട്ടു. തീർഥാടകരും വിശ്വാസികളും സുരക്ഷാ ഭടന്മാരുമായും ഹറമിലെ ജീവനക്കാരുമായും സഹകരിക്കണം. വിശുദ്ധ ഹറമിന്റെ വൃത്തി എല്ലാവരും കാത്തുസൂക്ഷിക്കുകയും ഹറമിലെ സൗകര്യങ്ങൾ ശരിയാംവിധം ഉപയോഗപ്പെടുത്തുകയും കേടുവരുത്താതെ നോക്കുകയും വേണം. 
സ്ത്രീകൾ ഹിജാബ് പാലിക്കണം. വനിതകൾ ഹറമിൽ പുരുഷന്മാരുമായി തിക്കിത്തിരക്കരുത്. ഇഅ്തികാഫ് ഇരിക്കുന്നവർ അനാവശ്യ സംസാരങ്ങളിൽ നിന്ന് വിട്ടുനിന്ന് പ്രവാചക ചര്യക്ക് അനുസരിച്ച് ആരാധനാ കർമം നിർവഹിക്കണമെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആവശ്യപ്പെട്ടു. കടുത്ത തിരക്ക് കണക്കിലെടുത്ത് മദീന മസ്ജിദുന്നബവിയുടെ ടെറസ് വിശ്വാസികൾക്കു മുന്നിൽ തുറന്നുകൊടുത്തിട്ടുണ്ട്. മഗ്‌രിബ്, ഇശാ, സുബ്ഹ്, തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങൾക്കാണ് ടെറസസ്സ് തുറന്നുകൊടുക്കുന്നത്. പെരുന്നാൾ നമസ്‌കാരം വരെ ഇത് തുടരും. 
റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മക്കയിലും മദീനയിലും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർക്കു പുറമെ സൗദി അറേബ്യയുടെ നാനാ ഭാഗങ്ങളിൽ നിന്നും സ്വദേശികളും വിദേശികളും കുടുംബ സമേതവും അല്ലാതെയും പുണ്യനഗരങ്ങളിലേക്ക് ഒഴുകുകയാണ്. ഉംറ നിർവഹിച്ചും മദീന സിയാറത്ത് പൂർത്തിയാക്കിയും തിരിച്ചുപോകുന്നവരും റമദാനിലെ പുണ്യദിവസങ്ങൾ മക്കയിലും മദീനയിലും കുടുംബ സമേതം ചെലവഴിക്കുന്നവരുമുണ്ട്. 
വേനലവധിക്കാല അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചെങ്കിലും വ്രത മാസമായതിനാൽ അധിക സൗദി കുടുംബങ്ങളും അവധിക്കാലം ചെലവഴിക്കുന്നതിന് വിദേശങ്ങളിലേക്ക് പോയിട്ടില്ല. റമദാനിൽ ഉംറ നിർവഹിക്കുന്നതിനും പുണ്യദിവസങ്ങൾ മക്കയിലും മദീനയിലും ചെലവഴിക്കുന്നതിനും ആയിരക്കണക്കിന് സൗദി കുടുംബങ്ങൾ ഹോട്ടലുകളിൽ മുറികളെടുത്ത് കഴിയുകയാണ്. 
പെരുന്നാളിനു ശേഷമാകും അധിക കുടുംബങ്ങളും വിദേശങ്ങളിലേക്ക് പോവുക. ഹജ്, ഉംറ മന്ത്രാലയത്തിന്റെയും ജവാസാത്തിന്റെയും ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മക്കയിലും മദീനയിലുമായി എട്ടു ലക്ഷത്തോളം വിദേശ തീർഥാടകരുണ്ട്. റമദാൻ അവസാനത്തിലേക്ക് അടുക്കുന്നതോടെ വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം ഇനിയും വർധിക്കും. ഈ വർഷം ഇതുവരെ 62 ലക്ഷത്തിലേറെ ഉംറ വിസയാണ് സൗദി അറേബ്യ അനുവദിച്ചത്. ഇതിൽ 54 ലക്ഷം പേർ ഉംറ നിർവഹിച്ച് മടങ്ങിയിട്ടുണ്ട്. ഉംറ സീസൺ ശവ്വാൽ പതിനഞ്ചു വരെ നീട്ടിയതിനാൽ ഈ വർഷം വിദേശ തീർഥാടകരുടെ എണ്ണം 70 ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കൊല്ലം 60 ലക്ഷം ഉംറ തീർഥാടകരാണ് വിദേശങ്ങളിൽ നിന്നെത്തിയത്. 
 

Latest News