Sorry, you need to enable JavaScript to visit this website.

കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമെന്ന് ബറേല്‍വി നേതൃത്വം അറിയിച്ചതായി സമസ്ത

കോഴിക്കോട്- കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി പണ്ഡിത നേതൃത്വം അറിയിച്ചതായി അവകാശപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികള്‍ രംഗത്ത്. ഇക്കാര്യം പൊതുജനങ്ങളെയും മാധ്യമങ്ങളെയും വേണ്ട രീതിയില്‍ അറിയിക്കണമെന്ന് ബറേല്‍വി മുസ്ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫില്‍നിന്നു തങ്ങളെ രേഖാമൂലം അറിയിച്ചതായി സമസ്ത ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാന്റെ ഔദ്യോഗിക പിന്‍ഗാമിയായി നിയമിച്ചിരിക്കുന്നത് പുത്രന്‍ മുഫ്തി അസ്ജദ് റസാഖാനെയാണ്. അദ്ദേഹമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേല്‍വി മുസ്ലിംകളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും. ഗ്രാന്‍ഡ് മുഫ്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം തുടക്കത്തില്‍ നടത്തിയ നിയമനം ബറേല്‍വി നേതൃത്വം ഒറ്റക്കെട്ടായാണ് നടത്തിയിരിക്കുന്നത്.

ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചുവെന്ന പ്രചരണം ശുദ്ധ അസംബന്ധവും ബറേലി ശരീഫില്‍ നിന്നുള്ള ഔദ്യോഗിക നിയമനത്തിനു കടകവിരുദ്ധവുമാണ്. ഇതുസംബന്ധമായി ബറേല്‍വി പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്തഫ ഔദ്യോഗികമായി കൈമാറിയ കുറിപ്പ് സമസ്ത നേതാക്കള്‍ കാണിച്ചു. ജമാഅത്തെ റസായെ മുസ്തഫ വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാന്‍ ഖാദിരിയാണ് കുറിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്. നിയുക്ത ഗ്രാന്‍ഡ് മുഫ്തി അസ്ജദ് റസാഖാനാണ് സംഘടനയുടെ അധ്യക്ഷന്‍.

കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുത്തിട്ടില്ലെന്നും അദ്ദേഹം ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബറേല്‍വി നേതാക്കള്‍ ടെലിഫോണില്‍ പറയുന്നതും സമസ്ത നേതാക്കള്‍ കേള്‍പിച്ചു. മലയാളികളല്ലാത്ത മൂന്നംഗ പണ്ഡിത സമിതിയെ വിവാദത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്നു. ഇവര്‍ രണ്ടു മാസമായി നടത്തിയ അന്വേഷണത്തിലും കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി വ്യാജമാണെന്ന് കണ്ടെത്തിയതായി സമസ്ത നേതാക്കള്‍ അവകാശപ്പെട്ടു.
കാന്തപുരം വിഭാഗവമായി ഐക്യചര്‍ച്ചകള്‍ക്ക് സമസ്ത എന്നും അനുകൂലമാണെന്നും എന്നാല്‍ കാന്തപുരത്തിന്റെ ആത്മീയ ചൂഷണങ്ങളോടും വേഷംകെട്ടലുകളോടും ഒരുനിലക്കും രാജിയാവാനാകില്ലെന്നും സമസ്ത ഭാരവാഹികള്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി , വ്യാജ മുഫ്തിയെ കുറിച്ച് അന്വേഷണം നടത്തിയ മൂന്നംഗ പണ്ഡിത സമിതിയെ പ്രതിനിധീകരിച്ച് മുഫ്തി റഫീഖ് അഹ്മദ് ഹുദവി കോലാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest News