Sorry, you need to enable JavaScript to visit this website.

കേരളത്തിലും തമിഴ്‌നാട്ടിലും സഹ്‌റാന്‍ ഹാഷിം ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചു

കൊച്ചി- ശ്രീലങ്കന്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലുമായി ബന്ധപ്പെട്ട ഒരു ഡസനോളം മൊബൈല്‍ നമ്പറുകളുടെ ഉടമകളെ കണ്ടെത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രമം തുടങ്ങി.

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം നടത്തി കൊല്ലപ്പെട്ട സഹ്റാന്‍ ഹാഷിമിയുടെ കോള്‍ റെക്കോര്‍ഡുകളില്‍നിന്നാണ് ഇത്രയും ഫോണ്‍ നമ്പറുകള്‍ ലഭിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സഹ്്‌റാന്‍ മൂന്ന് മാസം ഇന്ത്യയില്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഇതെന്നും പിന്നീട് സഹ്്‌റാന്‍ ലങ്കയിലേക്ക് മടങ്ങിയെന്നും പറയുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ചര്‍ച്ചുകളും മൂന്ന് ഹോട്ടലുകളും ആക്രമിച്ച് 253 പേരെ കൊലപ്പെടുത്തിയ ചാവേര്‍ സംഘത്തില്‍ സഹ്റാനുമുണ്ടായിരുന്നു.

ചോദ്യം ചെയ്യുന്നതിനായി കേരളത്തില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതിനും ഭീകരാക്രമണം നടത്താന്‍ ഗൂഡാലോചന നടത്തിയതിനുമാണ് അറസ്റ്റ്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ എന്ന അബുദുജാനയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിലധികമായി സഹ്‌റാന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടെന്നും സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചതായി എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ പറഞ്ഞു. കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഉണ്ടായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായും എന്‍.ഐ.എ ഐ.ജി പറഞ്ഞു.

2016 ല്‍ കേരളത്തില്‍നിന്ന് 22 യുവാക്കള്‍ ഐ.എസില്‍ ചേരുന്നതിന് അഫ്ഗാനിസ്ഥാനിലേക്ക് പോയ കേസുമായി ബന്ധപ്പെട്ടാണ് വീട് പരിശോധിച്ച ശേഷം റിയാസിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. നാടുവിട്ട സംഘത്തിലെ ഒരാളുമായി റിയാസ് ആശയവിനിമയം നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതുന്ന റാഷിദ് അബ്ദുല്ല എന്ന അബൂ ഈസയുമായി ദീര്‍ഘകാലമായി ഓണ്‍ലൈന്‍ ബന്ധമുണ്ടെന്നും റാഷിദ് അബ്ദുല്ല ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന ഓഡിയ സന്ദേശങ്ങള്‍ കേട്ടിരുന്നുവെന്നും റിയാസ് സമ്മതിച്ചതായാണ് എന്‍.ഐ.എ വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതാണ് റാഷിദ് അബ്ദുല്ലയുടെ സന്ദേശങ്ങളെന്നും എന്‍.ഐ.എ പ്രസ്താവനയില്‍ പറഞ്ഞു.

സിറിയയിലുണ്ടെന്ന് കരുതുന്ന അബ്ദുല്‍ ഖയ്യൂം എന്ന അബു ഖാലിദുമായും റിയാസ് ഓണ്‍ലൈന്‍ ചാറ്റ് നടത്തിയതായി പറയുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോയതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വളപട്ടണത്ത് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഖയ്യൂം. ഇസ്ലാമിക് പ്രവിശ്യ രൂപീകരിക്കുന്നതിന് തന്നോടൊപ്പം ചേരണമെന്ന് സഹ്‌റാന്‍ ഹാഷിം ആഹ്വാനം ചെയ്യുന്ന വിഡിയോ റിയാസില്‍നിന്ന് ലഭിച്ചതായും എന്‍.ഐ.എ പറയുന്നു. ഐ.എസ് ബന്ധം സംശയിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ കോയമ്പത്തൂരില്‍ തടവിലാക്കിയ ആറു പേരുടെ ഫോണില്‍നിന്നും ഇതിനു സമാനമായ വിഡിയോ കണ്ടെത്തിയിരുന്നു.

അതിനിടെ, സഹ്റാന്‍ ഹാഷിം നാഷണല്‍ തൗഹീദ് ജമാഅത്ത് വിട്ടിരുന്നുവെന്നും സ്വന്തം സംഘടന ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ശ്രീലങ്കയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ സംഘടനയെ  ഖിലാഫത്തുമായി ബന്ധപ്പെടുത്തുന്നതിന് നാഷന്‍ ഓഫ് തൗഹീദ് ജമാഅത്ത് എന്നാണ് വിളിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 35 യുവാക്കളെ സംഘടനയിലെത്തിക്കാന്‍ സാധിച്ചുവെന്നും ഇവരാണ് ആക്രമണം നടത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌ഫോടനങ്ങളെ അപലപിച്ച് എന്‍.ടി.ജെ പ്രസ്താവന ഇറക്കിയിരുന്നു.

 

Latest News