Sorry, you need to enable JavaScript to visit this website.

ബഹ്‌റൈന് നേരെയുള്ള നടപടി  അംഗീകരിക്കില്ല - സൗദി 

റിയാദ് - ബഹ്‌റൈന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലുകളും പരമാധികാരത്തിനും സുരക്ഷാ ഭദ്രതക്കും കോട്ടംതട്ടിക്കുന്ന പ്രവർത്തനങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മേഖലയിൽ സുരക്ഷയും സമാധാനവും സാക്ഷാൽക്കരിക്കുന്നതിന് സഹായകമായ തരത്തിൽ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായി ഇറാഖും ബഹ്‌റൈനും തമ്മിൽ ശക്തമായ ബന്ധം നിലവിൽ വരണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
ബഹ്‌റൈനും ബഹ്‌റൈൻ ഭരണാധികാരികൾക്കുമെതിരെ ഇറാഖിൽനിന്ന് വരുന്ന പ്രസ്താവനകൾ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളും ബഹ്‌റൈൻ ഭരണാധികാരികൾക്കെതിരായ അപകീർത്തികളും ഒരിക്കലും അംഗീകരിക്കാനാകില്ല. ഉഭയകക്ഷി ബന്ധങ്ങൾക്ക് കോട്ടംതട്ടിക്കുന്ന കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാതിരിക്കുന്നത് രാജ്യങ്ങൾ തമ്മിലെ അന്തരം വർധിപ്പിക്കുകയും സംഘർഷം മൂർഛിപ്പിക്കുകയും ചെയ്യും. മേഖലയിൽ സുരക്ഷാ ഭദ്രത ശക്തമാക്കുകയെന്ന പൊതുലക്ഷ്യം രൂഢമൂലമാക്കുന്നതിനും അറബ് രാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തമാക്കുന്നതിനും സഹായകമാകുന്ന തരത്തിൽ ബഹ്‌റൈന്റെ പരമാധികാരം ഇറാഖ് മാനിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ വിട്ടുനിൽക്കുകയും വേണമെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 
ഇറാഖ് ശിയാ പണ്ഡിതനും രാഷ്ട്രീയ നേതാവും മിലീഷ്യ നേതാവുമായ മുഖ്തദ അൽസ്വദ്ർ നടത്തിയ ബഹ്‌റൈൻ വിരുദ്ധ പ്രസ്താവനയെ ബഹ്‌റൈൻ അപലപിച്ചു. ബഹ്‌റൈന് അപകീർത്തിയുണ്ടാക്കുന്ന പ്രസ്താവന ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലാണ്. ഇത്തരം പ്രസ്താവനകളുടെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം ഇറാഖിനായിരിക്കും. ഇറാഖിലെ ബഹ്‌റൈൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. ബഹ്‌റൈനിലെ ഇറാഖ് ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് നിഹാദ് റജബ് അസ്‌കറിനെ ബഹ്‌റൈൻ വിദേശ മന്ത്രാലയം വിളിച്ചുവരുത്തി മുഖ്ത അൽസ്വദ്‌റിന്റെ പ്രസ്താവനയിലുള്ള കടുത്ത പ്രതിഷേധം അറിയിച്ചു.
 

Latest News