റിയാദ് - അഞ്ചു വർഷത്തിനുള്ളിൽ സൗദി അറേബ്യ ഗ്യാസ് കയറ്റുമതി ആരംഭിക്കുമെന്ന് സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എൻജിനീയർ അമീൻ അൽനാസിർ വെളിപ്പെടുത്തി. ഷ്‌ളംബര്‍ഗര്‍ കമ്പനിക്കു കീഴിൽ കുവൈത്തിലും ഒമാനിലും ഇറാഖിലും പാക്കിസ്ഥാനിലുമുള്ള ഓൺഷോർ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകൾ അറേബ്യൻ ഡ്രില്ലിംഗ് കമ്പനി സ്വന്തമാക്കുന്നതിനുള്ള കരാർ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
156 കോടി റിയാലിനാണ് ഷ്‌ളംബര്‍ഗര്‍ കമ്പനി ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകൾ അറേബ്യൻ ഡ്രില്ലിംഗ് കമ്പനി സ്വന്തമാക്കിയത്. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു. പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയക്കുകയെന്ന ലക്ഷ്യം നേടുന്നതിന് പടിപടിയായി ഗ്യാസ് കയറ്റുമതി ആരംഭിക്കും. വിപണിയുടെ ആവശ്യത്തിന് അനുസൃതമായി എണ്ണ, ഗ്യാസ് ഉൽപാദന തോത് നിർണയിക്കേണ്ടതും കരുതൽ ഉൽപാദന ശേഷി ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും ഊർജ, വ്യവസായ മന്ത്രാലയമാണ്.
കുവൈത്തിലെയും ഇറാഖിലെയും ഒമാനിലെയും പാക്കിസ്ഥാനിലെയും ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകൾ അറേബ്യൻ ഡ്രില്ലിംഗ് കമ്പനി സ്വന്തമാക്കിയത് ഏറെ പ്രധാനമാണ്. ഇതിലൂടെ പ്രാദേശിക കമ്പനിയിൽ നിന്ന് റീജ്യനൽ കമ്പനിയായി അറേബ്യൻ ഡ്രില്ലിംഗ് കമ്പനി മാറും. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഡ്രില്ലിംഗ് കമ്പനികളിൽ ഒന്നായും അറേബ്യൻ ഡ്രില്ലിംഗ് കമ്പനി മാറും.
വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിന് സൗദി അറാംകൊക്ക് പദ്ധതിയുണ്ട്. ഇത് കമ്പനിക്കു കീഴിലെ ജീവനക്കാരുടെ എണ്ണത്തിലും വ്യവസായങ്ങളുടെ സ്വദേശിവൽക്കരണത്തിലും അനുകൂല പ്രതിഫലനമുണ്ടാക്കും. പുതിയ ഇടപാടിലൂടെ അറേബ്യൻ ഡ്രില്ലിംഗ് കമ്പനിക്കു കീഴിലെ ജീവനക്കാരുടെ എണ്ണം ആറായിരം ആയി ഉയരും. ഭാവിയിൽ മേഖലയിലെ മറ്റു വിപണികളിലേക്കും അറേബ്യൻ ഡ്രില്ലിംഗ് കമ്പനി പ്രവർത്തനം വ്യാപിപ്പിക്കണമെന്നാണ് സൗദി അറാംകൊ ആഗ്രഹിക്കുന്നത്.
കിംഗ് സൽമാൻ ഊർജ നഗരി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായിട്ടുണ്ട്. വൈകാതെ രണ്ടാം ഘട്ടത്തിന്റെ നിർമാണ ജോലികൾ ആരംഭിക്കും. അറേബ്യൻ ഡ്രില്ലിംഗ് കമ്പനിക്കു കീഴിൽ നിലവിൽ 39 ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. ഷ്‌ളംബര്‍ഗര്‍ കമ്പനി ഏറ്റെടുക്കുന്നതിലൂടെ കമ്പനിക്കു കീഴിലെ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 67 ആയി ഉയരും. ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ഇത് ശക്തമായ പ്രചോദനമാകുമെന്നും എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.