ശ്രീകാന്തും സെമിയിൽ
ജക്കാർത്ത - കരുത്തരായ എതിരാളികളെ അട്ടിമറിച്ച് ഇന്ത്യൻ കളിക്കാരായ എച്ച്.എസ് പ്രണോയ്‌യും കിഡംബി ശ്രീകാന്തും ഇന്തോനേഷ്യ സൂപ്പർ സീരീസ് ബാഡ്മിന്റ ൺ ടൂർണമെന്റിന്റെ സെമിയിലെത്തി. മലയാളി താരം പ്രണോയ് തുടർച്ചയായ രണ്ടാം ദിവസവും വൻ അട്ടിമറിയാണ് നടത്തിയത്. രണ്ടാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ മലേഷ്യയുടെ ചെൻ ലോംഗ് വെയ്‌യെ കീഴടക്കിയ പ്രണോയ് ക്വാർട്ടറിൽ ഒളിംപിക് ചാമ്പ്യൻ ചൈനയുടെ ചെൻ ലോംഗിനെയാണ് വകവരുത്തിയത് (21-18, 16-21, 21-19). ശ്രീകാന്ത് ലോക പത്തൊമ്പതാം നമ്പർ സു വെയ് വാംഗിനെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപിച്ചു (21-15, 21-14). വാംഗിനെതിരെ ശ്രീകാന്തിന്റെ രണ്ടാം വിജയമാണ് ഇത്. വാംഗ് ആദ്യ റൗണ്ടിൽ ചൈനീസ് ഭീമൻ ലിൻ ദാനിനെ തോൽപിച്ചിരുന്നു.
ചെൻ ലോംഗിനെതിരായ നാലു കളികളിൽ പ്രണോയ്‌യുടെ ആദ്യ വിജയമാണ് ഇത്. ആവേശകരമായ റാലികൾ കണ്ട ആദ്യ ഗെയിമിൽ 10-7 നും 14-9 നും 18-14 നും പ്രണോയ് ലീഡ് ചെയ്തതായിരുന്നു. ചെൻ 18-20 വരെ എത്തിയെങ്കിലും പ്രണോയ് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ചെന്നിന്റെ ആധിപത്യമായിരുന്നു. നിർണായക ഗെയിമിൽ ഇരു കളിക്കാരും എതിരാളിയെ കുതിക്കാൻ അനുവദിച്ചില്ല. 19-20 ൽ നിൽക്കെ ചെന്നിന്റെ റിട്ടേൺ തലനാരിഴ പുറത്തായതോടെയാണ് പ്രണോയ് വിജയം പൂർത്തിയാക്കിയത്.
പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ പ്രണോയ്ക്ക് ഇത് വലിയ നേട്ടമാണ്. വിസ പ്രശ്‌നം കാരണം ടൂർണമെന്റിന് എത്താനാവുമോയെന്നു തന്നെ സംശയിച്ചിരുന്നു. ഇന്തോനേഷ്യയിൽ എത്തിയപ്പോൾ ബാഗേജ് നഷ്ടപ്പെടുകയും ചെയ്തു. ലോക റാങ്കിംഗിൽ ഇരുപത്തഞ്ചാം നമ്പറാണ് തിരുവനന്തപുരത്തുകാരൻ. ഇരുപത്തിരണ്ടാം റാങ്കുകാരനായ ശ്രീകാന്ത് ക്വാർട്ടറിൽ ലോക ഒമ്പതാം നമ്പർ യാൻ ഓ ജോർജൻസനെയാണ് തോൽപിച്ചത്.
സെമിയിൽ പ്രണോയ് ജപ്പാന്റെ സകായ് കുസുമാസയെയും ശ്രീകാന്ത് കൊറിയയുടെ വാൻ ഹോ സോണിനെയും നേരിടും. വനിതാ സിംഗിൾസിൽ തായ്‌ലന്റുകാരി ജിൻഡാപോൾ നിചാവോണും ജപ്പാന്റെ സയാക സാറ്റോയും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയിൽ സിംഗപ്പൂരിന്റെ ഷാംഗ് ബെയ്‌വെ ൻ കൊറിയയുടെ ജി ഹ്യുൻ സുംഗിനെ നേരിടും.