Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദ്യാഭ്യാസം, ടെലികോം, ഐ.ടി മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു

റിയാദ് - സൗദി അറേബ്യയിൽ ഈ വർഷം ആദ്യ പാദത്തിൽ വിദേശ നിക്ഷേപകർക്ക് അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിൽ 70 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ വിദേശ നിക്ഷേപകർക്ക് അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തെ അപേക്ഷിച്ച് ഈ കൊല്ലം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിലാണ് ഇത്രയും വളർച്ച രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചത് ബ്രിട്ടീഷ്, ചൈനീസ്, അമേരിക്കൻ കമ്പനികൾക്കാണെന്ന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) ഗവർണർ ഇബ്രാഹിം അൽഉമർ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം നൽകിയ വിദ്യാഭ്യാസം, ടെലികോം, ഐ.ടി പോലെയുള്ള മേഖലകളിലാണ് വിദേശ നിക്ഷേപ ലൈസൻസുകളിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 


വിദേശ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് സൗദിയിൽ വിദേശ നിക്ഷേപ ലൈസൻസുകളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നതിന് സഹായിച്ചത്. കഴിഞ്ഞ വർഷം സൗദിയിൽ 300 കോടിയോളം ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ എത്തി. 2017 ൽ രാജ്യത്ത് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ ഇരട്ടിയിലേറെയാണിത്. സൗദിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് വിദേശ നിക്ഷേപകരിൽ നിന്ന് നിരവധി അപേക്ഷകൾ ഇപ്പോഴും സാജിയക്ക് ലഭിക്കുന്നുണ്ട്. സൗദിയിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിന് ആഗ്രഹിക്കുന്ന വിദേശ കമ്പനികളിൽ നിന്നുള്ള അപേക്ഷകളിലും ശ്രദ്ധേയമായ വളർച്ചയുണ്ട്. വിദേശ നിക്ഷേപകർക്കുള്ള മുഴുവൻ വ്യവസ്ഥകളും സൗദി അറേബ്യ പുനഃപരിശോധിച്ചുവരികയാണ്. സർക്കാർ വകുപ്പുകളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികൾക്ക് വിദേശ നിക്ഷേപകർക്ക് ബാധകമായ വ്യവസ്ഥകളിൽ 50 ശതമാനത്തോളം ഇല്ലാതാക്കിയിട്ടുണ്ട്.

 
ഇതിലൂടെ വിദേശ നിക്ഷേപകർക്ക് ലൈസൻസ് നടപടികൾക്ക് വേണ്ടിവരുന്ന സമയവും ചെലവും കുറക്കുന്നതിന് സാധിച്ചതായി ഇബ്രാഹിം അൽഉമർ പറഞ്ഞു. പെട്രോളിതര മേഖലയിൽ സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് സൗദി അറേബ്യ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് ശ്രമിച്ചുവരികയാണ്. ബിസിനസ് അനുകൂല സാഹചര്യ സൂചികയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ലോക ബാങ്കുമായി സഹകരിച്ചുവരികയാണ്. നിലവിൽ 190 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ സൗദി 92-ാമത് ആണ്. 
 

Latest News