Sorry, you need to enable JavaScript to visit this website.

റെയിൽപാളത്തിൽ കയറ്റിയ ടാങ്കർ കുടുങ്ങി; ഡ്രൈവർ കസ്റ്റഡിയിൽ

റിയാദ് പ്രവിശ്യയിലെ മരുഭൂമിയിൽ റെയിൽപാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പാളത്തിൽ കുടുങ്ങിപ്പോയ ടാങ്കർ ലോറി.

റിയാദ് - റെയിൽപാളം മുറിച്ചു കടക്കുന്നതിനായി വാട്ടർ ടാങ്കർ പാളത്തിൽ കയറ്റിയ ഡ്രൈവറെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തു. വിജനമായ മരുഭൂമിയിലാണ് കാലി കർഷകനായ സൗദി പൗരൻ താൻ ഓടിച്ചിരുന്ന ടാങ്കർ റെയിൽപാളത്തിന് കുറുകെ കയറ്റിയത്. എന്നാൽ ടാങ്കർ പാളത്തിൽ കുടുങ്ങുകയും പിന്നീട് നീക്കാൻ കഴിയാതെ വരികയുമായിരുന്നു. പാളം കേടാവുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പുകളാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതെന്ന് സൗദി റെയിൽവെ കമ്പനി പറഞ്ഞു. സൗദി റെയിൽവെ കമ്പനിക്കു കീഴിലെ വ്യവസായ സുരക്ഷാ വിഭാഗവുമായി സഹകരിച്ചായിരുന്നു നടപടി. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഡ്രൈവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. നിയമ ലംഘകന് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കേടുവരുത്തുന്നവർക്കും പ്രവർത്തന രഹിതമാക്കുന്നവർക്കും ഈ ശിക്ഷയാണ് ലഭിക്കുക. 


രാജ്യത്തിനും പൗരന്മാർക്കും സാമ്പത്തിക നേട്ടം ലഭിക്കുന്നതിനും എല്ലാ പ്രവിശ്യകളിലും വികസനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് റെയിൽവെ അടക്കമുള്ള വികസന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. ഈ പദ്ധതികൾ കേടുവരുത്താതെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്. റെയിൽപാതകളിൽ നിന്ന് എല്ലാവരും അകന്നു നിൽക്കണം. ട്രെയിൻ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവനും, റെയിൽപാതകൾക്കു സമീപം താമസിക്കുന്നവരുടെ ജീവനും സ്വത്തു വകകളും സംരക്ഷിക്കുന്നതിന് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. പ്രത്യേകം നിശ്ചയിച്ച മേൽപാലങ്ങളും അടിപ്പാതകളും വഴി മാത്രമേ റെയിൽപാതകൾ മുറിച്ചുകടക്കാൻ പാടുള്ളൂ. സുരക്ഷിത രീതിയിൽ റെയിൽപാളങ്ങൾ മുറിച്ചുകടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം ഉയർത്തുന്നതിനും തെറ്റായ രീതിയിൽ റെയിൽപാത മുറിച്ചു കടക്കുന്നതിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും കാലി ഉടമകളെയും ഇടയന്മാരെയും മറ്റും ബോധവൽക്കരിക്കുന്നതിന് സൗദി റെയിൽവെ കമ്പനി പ്രചാരണ കാമ്പയിനുകൾ നടത്തുന്നുണ്ട്.  

Latest News