കോഴിക്കോട്- ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിശദീകരണം. തിങ്കളാഴ്ച വൈകിട്ടാണ് രാജി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ തനിക്കൊപ്പം നിന്നവരെ നാളെ മുതല്‍ നേരിട്ട് ചെന്ന് കാണുമെന്ന് രമ്യ വ്യക്തമാക്കി. കുന്ദമംഗലം ബ്ലോക്കിലെ ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് രമ്യയുടെ രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ യുഡിഎഫിന് പത്ത് പേരുടെ പിന്തുണയുണ്ട്. എല്‍ഡിഎഫിനാകട്ടെ 9 അംഗങ്ങള്‍ ആണുളളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ജയിക്കുകയാണെങ്കില്‍ ബ്ലോക്ക് പ്രസിഡണ്ട് പദവി സ്വാഭാവികമായും ഒഴിയേണ്ടതായി വരും. മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും. അപ്പോള്‍ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും. ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില്‍ നറുക്കെടുപ്പ് ആവശ്യമായി വരികയും ചെയ്യും. നറുക്കെടുപ്പില്‍ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചാല്‍ യുഡിഎഫിന് ഭരണം പോകും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് യുഡിഎഫ് ഒരു മുഴം നീട്ടി എറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മെയ് 23നാണ്. രമ്യ ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ അംഗമെന്ന നിലയ്ക്ക് രമ്യയ്ക്ക് വോട്ട് ചെയ്യാനും യുഡിഎഫിന് പത്ത് വോട്ടുകളുമായി ഭരണം നിലനിര്‍ത്താനും സാധിക്കും.