കൊച്ചി-ശ്രീലങ്ക സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐഎ) സൂചന നല്‍കി. കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐ.എസ് റിക്രൂട്മെന്റുമായാണ് ഇവര്‍ക്ക് ബന്ധമുള്ളതെന്നാണ് കണ്ടെത്തല്‍. ലങ്കയിലെ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഹ്്‌റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളില്‍ ഇവര്‍ ആകൃഷ്ടരായിരുന്നുവെന്നും എന്‍ഐഎ പറയുന്നു. ഐഎസുമായി ബന്ധമുള്ള രണ്ട് പേരെകൂടി എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍കോട് കാളിയങ്കാട്ടെ അഹമ്മദ് അറഫാത്ത്, നായന്മാര്‍മൂലയിലെ അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ക്കാണ് ഐഎസ് ബന്ധം കണ്ടെത്തിയത്. ലങ്കന്‍ സ്‌ഫോടനങ്ങളില്‍ ഇവര്‍ക്ക് നേരിട്ട് പങ്കാളിത്തമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും സഹ്്‌റാന്‍ ഹാഷിമുമായി സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടവരെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് അഞ്ച് പേരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
അഫ്ഗാനിസ്ഥാനിലെ ഐ.എസില്‍ പ്രവര്‍ത്തിക്കുന്ന റാഷിദ് അബ്ദുല്ലയുമായി അഹമ്മദ് അറഫാത്ത്, അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. മൊബൈല്‍ ഫോണ്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവ പരിശോധിച്ചാണ് ഇവര്‍ക്ക് റാഷിദുമായുള്ള ബന്ധം കണ്ടെത്തിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷമായിരിക്കും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് എന്‍ഐഎ പറയുന്നു. അതേസമയം നാളെ കോടതിയില്‍ ഹാജരാക്കുമെന്നും സൂചനയുണ്ട്.
ഞായറാഴ്ച കാസര്‍കോടും പാലക്കാടും നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണ് ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. പാലക്കാട് കൊല്ലങ്ങോട് സ്വദേശി റിയാസ് അബൂബക്കര്‍, കാസര്‍കോട് കാളിയങ്കാട്ടെ അഹമ്മദ് അറാഫത്ത്, നായന്മാര്‍മൂലയിലെ അബൂബക്കര്‍ സിദ്ദീഖ് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. റിയാസിനെ ഞായറാഴ്ചയും അഹമ്മദ്, അബൂബക്കര്‍ എന്നിവരെ തിങ്കാളാഴ്ചയുമാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഞായറാഴ്ച നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവ് എന്നിവക്കു പുറമെ അറബിയിലും മലയാളത്തിലുമെഴുതിയ ഡയറികളും പിടിച്ചെടുത്തിരുന്നു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളുടെ ഡിവിഡികളും കണ്ടെടുത്തു. 2016 ല്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കാസര്‍കോട്‌നിന്നും 15 പേര്‍ ഐ.എസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയത്.