Sorry, you need to enable JavaScript to visit this website.

കല്ലട ബസിനെ കുറിച്ച് ശിഹബുദ്ദീന്‍ പൊയ്ത്തുംകടവ്

സമാന്തര നിയമം നടത്തിപ്പുകാര്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും കല്ലട ഒരു പ്രതീകം മാത്രമാണെന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. കല്ലട സംഭവത്തില്‍ ഇതുവരെയുള്ള സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും കുറേക്കഴിയുമ്പോള്‍ ആളുകള്‍ ഇതൊക്കെ മറന്നുപോകുമെന്ന പ്രത്യാശയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെങ്കില്‍ മൊറ്റൊന്നും പറയാനില്ലെന്നും ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.


ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

കല്ലട ഒരു പ്രതീകം മാത്രമാണ്
അനധികൃതമായി ഉണ്ടാക്കുന്ന ഭാരിച്ച പണം,  അതുപയോഗിച്ച് അധികാരസ്ഥാനങ്ങളിലെ പൊളിറ്റിക്കല്‍ പിമ്പുകളെ ഉപയോഗിച്ച് വമ്പിച്ച നിലയില്‍ സ്വാധീനിക്കല്‍, പോലീസ് സഹായത്തോടെയുള്ള ഗുണ്ടായിസം  -ഇവ മൂന്നും ചേര്‍ത്ത് ചെറുതും വലുതുമായ സമാന്തര നിയമം നടത്തിപ്പുകാര്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നു. ഇത്തരം ആളുകള്‍ ചെറിയ പ്രതിസന്ധിയിലാകുമ്പോഴേക്കും ജാതി മത രാഷ്ട്രീയ സംഘടനകള്‍ പോലും യാതൊരു നാണവുമില്ലാതെ രക്ഷിക്കാനായി ഓടിയെത്തുന്നത് നാം കാണുന്നു

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് ഇവയില്‍ മുഖ്യപ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എന്നു തന്നെ വേണം പറയാന്‍. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എങ്ങനെ ഇടപെടുന്നു എന്നത് കേരളം മുഴുവന്‍ ഉറ്റുനോക്കുന്നു എന്ന കാര്യം ഭരണകൂടം മറന്നു കൂടാത്തതാണ്
കുറേ കഴിയുമ്പോള്‍ ആളുകള്‍ ഇതൊക്കെ മറന്നു പോകുമെന്ന പ്രത്യാശയാണ് ഭരണകൂടം പുലര്‍ത്തുന്നതെങ്കില്‍ മറ്റൊന്നും പറയാനില്ല. ഇതുവരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷാജനകമാണെന്നു പറയാം.

ഈ കുറിപ്പുകാരന്‍ കല്ലടയില്‍ യാത്ര ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇത്രയേറെ ധാര്‍ഷ്ട്യം എങ്ങനെ കൈവരുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിക്കണം. ഇത്തരം ബസ്സുകാര്‍ എങ്ങനെയാണു് പ്രവര്‍ത്തിക്കുന്നതെന്ന വിശദമായ പരിശോധനകളും അന്വേഷണങ്ങളും ഉണ്ടാവണം.ഇതോടൊപ്പം , നേരത്തെ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയമായ യാത്രക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പരാതിപ്പെടാന്‍ ഒരു സെല്ല് ഉണ്ടാക്കണം.

പലപ്പോഴും ഇത്തരം അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസുകള്‍ എന്തുകൊണ്ടാണ് കൃത്യസമയം പാലിക്കാത്തതെന്നും സ്റ്റാര്‍ട്ടിങ്ങ് പോയന്റിലേക്ക് നാലും അഞ്ചും മണിക്കൂര്‍ വൈകുതെന്നും ഈ സമയത്ത് ഈ വണ്ടികള്‍ ദുരൂഹമായി എവിടെയാണ് അപ്രത്യക്ഷമാകുന്നതെന്നും അന്വേഷണ വിധേയമാക്കണം. ചിലപ്പോള്‍ നമ്മെ ഞെട്ടിക്കുന്ന ഒരു ക്രൈം ശൃംഗലയെപ്പറ്റിത്തന്നെ വിവരങ്ങള്‍ പുറത്ത് വന്നുകൂടെന്നില്ല.

ഇവര്‍ സര്‍ക്കാര്‍ ബസുകളെ വരുതിയില്‍ വരുത്തുന്നുണ്ടെന്നും റെയില്‍വേ സര്‍വ്വീസുകളില്‍ ഇടപെടുന്നുണ്ടെന്നതും കറേക്കാലമായി കേള്‍ക്കുന്നു .പ്രത്യേകിച്ച് ബാംഗ്ലൂര്‍ റൂട്ടില്‍. ഇതില്‍ വല്ല വാസ്തവമുണ്ടോ എന്നതും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതുണ്ട്

സര്‍ക്കാരിന് തങ്ങളുടെ പൗരന്മാരോടുള്ളത് ഒരു രക്ഷിതാവിന്റെ റോളാണെന്നത് നാം മറന്നു കൂടാ.

ഒപ്പം യാത്ര ചെയ്തവര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രതികരിച്ചതെന്നാണ് നമുക്ക് മനസ്സിലാകുന്നത്. ഈ ചെറുപ്പക്കാരെ അതിക്രൂരമായി തല്ലിച്ചതക്കുമ്പോള്‍   യാതൊന്നുമറിയാത്തത് പോലെ സീറ്റിലമര്‍ന്നിരുന്ന മാന്യന്മാരായ പെരുച്ചാഴികളെപ്പറ്റിയും നാം ഓര്‍ക്കേണ്ടതുണ്ട്.

 

Latest News