Sorry, you need to enable JavaScript to visit this website.

കള്ളവോട്ട് സ്ഥിരീകരിച്ചു; നടപടിയെടുക്കും-ടിക്കറാം മീണ

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണം ശരിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. പിലാത്തറ ബൂത്തിൽ വോട്ട് ചെയ്ത പത്മിനി, സെലീന, സുമയ്യ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് മാത്രമേ റീ പോളിംഗ് തീരുമാനിക്കാനാകൂ.  തൃക്കരിപ്പൂരിലെ പരാതിയും പരിശോധിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. നിലവിൽ പഞ്ചായത്ത് അംഗമായ സെലീന സ്ഥാനം രാജിവെക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഓഫീസർമാരും വീഴ്ച വരുത്തി. ഇവർക്കെതിരെ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കലക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിലാത്തറയിൽ ഓപ്പൺ വോട്ടാണ് നടന്നതെന്ന സിപിഎം വാദം ഇതോടെ പൊളിഞ്ഞു.
സലീനയും സുമയ്യയും വോട്ട് ചെയ്ത ബൂത്തിലെ വോട്ടർമാരല്ലെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. പത്മിനി രണ്ടുതവണ വോട്ട് ചെയ്തു. രാവിലെ 11 മണിക്കുശേഷം യുഡിഎഫിന്റെ പോളിംഗ് ഏജന്റ് ബൂത്തിൽ ഇല്ലായിരുന്നുവെന്നും സ്ഥിരീകരിച്ചു. സുമയ്യ കെ.പി പോളിങ് ഏജൻറായിരുന്നു. അവർ 5.41ന് വോട്ടു ചെയ്തു. അവർ അവിടുത്തെ വോട്ടറല്ലായിരുന്നു. സെക്ഷൻ 171 സി.ഡി.എഫ് പ്രകാരം കേസെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായും ടിക്കാറാം മീണ പറഞ്ഞു. പിലാത്തറയിലെ ഇടതുമുന്നണി പോളിങ് ഏജൻറും കള്ളവോട്ടിന് സഹായിച്ചു. ഇയാൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു.
കാസർകോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തിലാണ് കള്ളവോട്ട് നടന്നുവെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയത്. 1991 വോട്ടർമാർ ആകെ ഉള്ളത്. ഇതിൽ 969 വോട്ട് ചെയ്തു. 88.82 ശതമാനം വോട്ട് രേഖപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു. കഴിഞ്ഞ തവണത്തെക്കാൾ 5.76 ശതമാനം കൂടുതലാണിത്. 774ാം നമ്പർ വോട്ടറായ പദ്മിനി രണ്ടു തവണ വോട്ട് ചെയ്തതായി കണ്ടെത്തി. 5.20 നും 5.47 നുമാണ് ഇവർ വോട്ട് ചെയ്തതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
രോഗിയായ ഡോക്ടറെ കൊണ്ടുവന്നു വോട്ട് ചെയ്യിച്ചതിലും ക്രമവിരുദ്ധമായ കാര്യങ്ങൾ നടന്നു. വ്യാപാരി വ്യവസായി സമിതി പ്രതിനിധിയായ കെ.സി രഘുനാഥാണ് രോഗിയായ ഡോക്ടറെ കൊണ്ടുവന്നത്. ഡോക്ടറുടെ വിരൽ അടയാളം രേഖപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. വോട്ട് ചെയ്തത് രഘുനാഥല്ല. ചുമന്ന ഷർട്ടിട്ട വേറൊരാളാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കറാം മീണ വ്യക്തമാക്കി.
 

Latest News