കോഴിക്കോട്- കേരളത്തിൽനിന്ന് ലോക്‌സഭയിലേക്ക് മുസ്ലിം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് സമസ്ത രംഗത്ത്. സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം സുപ്രഭാതം പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശമുള്ളത്.
27 ശതമാനം മുസ്ലിംകളുണ്ടായിട്ടും ഇതര സമുദായങ്ങൾക്ക് നൽകിയ പ്രാതിനിധ്യം അനുവദിച്ചില്ല. നൽകിയ രണ്ട് സീറ്റിൽ ഒന്ന് തിരിച്ചെടുത്തു. വിജയ സാധ്യത ഇല്ലാത്ത സീറ്റു മാത്രമാണ് നൽകിയതെന്നും ലേഖനത്തിൽ ആരോപിക്കുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനുണ്ടെന്ന് കോൺഗ്രസ് ഓർക്കണമെന്നും ഇതുതന്നെയാണ് അവലംബിക്കുന്ന രീതിയെങ്കിൽ സമുദായം ബദൽ നിലപാട് ആലോചിക്കുമെന്നും ഉമ്മർ ഫൈസി വ്യക്തമാക്കി.
ഫാസിസത്തിനെതിരായുള്ള പോരാട്ടമായതിനാലാണ് തെരഞ്ഞെടുപ്പ് കാലത്ത് വേദനയോടെ മൗനം പാലിച്ചതെന്നും കെപിസിസി പ്രസിഡന്റ് വിഷയത്തിൽ വിശദീകരണം നൽകണമെന്നും സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ് പട്ടികയിൽ മൂന്നും(15ശതമാനം)എൽ.ഡി.എഫ് പട്ടികയിൽ നാലും(ഇരുപത് ശതമാനം) സീറ്റുകളിലാണ് മുസ്ലിം സമുദായത്തിൽനിന്നുള്ളവർ മത്സരിച്ചത്. പാർട്ടി തിരിച്ചുകണക്കെടുത്താൽ കോൺഗ്രസ് ഒന്നും മുസ്്‌ലിം ലീഗ് രണ്ടും സി.പി.എം ഒരു സ്വതന്ത്രനടക്കം മൂന്നും സി.പി.ഐ ഒന്നും സീറ്റുകളാണ് നൽകിയത്. ഇടതുപക്ഷത്തെക്കാൾ മുസ്ലിംകളുടെ പിന്തുണ കൂടുതൽ ആസ്വദിക്കുന്ന കോൺഗ്രസ് ഒരു സീറ്റ് മാത്രം സമുദായത്തിന് നൽകിയതിലെ അനീതി പ്രത്യേകം എടുത്തുപറയാതെ വയ്യ. മതവും ജാതിയുമില്ലെന്ന് പറയുന്ന കമ്യൂണിസ്റ്റുകൾ ഉൾക്കൊള്ളുന്ന എൽ.ഡി.എഫും മറ്റു സമുദായക്കാരുടെ പിന്നിലാണ് സമുദായത്തെ എപ്പോഴും നിർത്തിപ്പോരുന്നത്. മുസ്ലിംകളെ മാറ്റിനിർത്തുന്ന രീതി കോൺഗ്രസും പിന്തുടരുകയാണെങ്കിൽ സമുദായത്തിന് മറ്റു മാർഗം ആലോചിക്കേണ്ടി വരും.
ജനസംഖ്യാനുപാതിക കണക്കുനോക്കിയാൽ പോലും കേരളത്തിൽ ആറിൽ കുറയാത്ത സീറ്റിൽ മത്സരിക്കാൻ അർഹതയുള്ള കോൺഗ്രസ് ഒറ്റ സീറ്റിൽ ഒതുക്കിയതിന്റെ കാരണം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമുദായത്തോട് വിശദീകരിക്കണം. തങ്ങൾ മതേതര പാർട്ടിയാണ്, സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ മതവും ജാതിയും നോക്കാറില്ല തുടങ്ങിയ ന്യായീകരണങ്ങൾ കൊണ്ട് സമുദായം തൃപ്തിപ്പെടുമെന്ന് കരുതേണ്ടതില്ല. മുസ്ലിം ലീഗ് രണ്ടു സീറ്റുകളിൽ മത്സരിക്കുന്നുണ്ടല്ലോ എന്ന ന്യായവും സ്വീകാര്യമല്ല. കേരള കോൺഗ്രസിന് ഒരു സീറ്റ് നൽകിയിട്ടും ക്രൈസ്തവ സമുദായത്തിൽനിന്ന് നാലുപേർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത് എങ്ങിനെയാണെന്ന മറുചോദ്യത്തിന് നിങ്ങൾ മറുപടി പറയേണ്ടി വരും. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും കർദിനാളും വിഷമിക്കുന്ന ഒന്നും ചെയ്യാതിരിക്കുന്ന പോലെ മുസ്്‌ലിം സമുദായത്തെ കൂടി രാഹുൽ ഗാന്ധിയും മുല്ലപ്പള്ളി രാമചന്ദ്രനും പരിഗണിക്കേണ്ടതുണ്ട്. സമ്മർദ്ദ രാഷ്ട്രീയം പയറ്റിയ ചരിത്രം കേരളത്തിലെ മുസ്ലിം സമുദായത്തിന് ഇല്ലാത്തതിനാൽ അവരെ ചവിട്ടിയരച്ച് അദൃശ്യരാക്കുകയും അവരുടെ കർതൃത്വം ഏറ്റെടുക്കുകയും ചെയ്യാമെന്ന മേൽക്കോയ്മാ നിലപാട് ഇനി അംഗീകരിച്ചുതരാനാകില്ല.
മുസ്്‌ലിം ലീഗിന് വോട്ടുചെയ്യുന്നു എന്നതുകൊണ്ടുമാത്രം കോൺഗ്രസിനെ പിന്തുണക്കേണ്ട ബാധ്യത മുസ്്‌ലിം സമുദായത്തിനില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗ് മത്സരിക്കുന്ന 24 സീറ്റുകളിലൊഴിച്ച് യു.ഡി.എഫിന് മുസ്്‌ലിം വോട്ടുകൾ കാര്യമായി കിട്ടാതിരുന്നത് സമുദായത്തിന്റെ അതൃപ്തി കൊണ്ടാണ്. രാജ്യത്തെ പ്രത്യേക സഹചര്യം കണക്കിലെടുത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമുദായം കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട്. പാർലമെന്ററി പങ്കാളിത്തത്തിന്റെ കാര്യത്തിൽ കാണിച്ച അനീതി തിരുത്താതെ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സമുദായം കണ്ണടച്ചു വോട്ടുകുത്തുമെന്ന് കരുതേണ്ട. രാജ്യസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മുസ്്‌ലിംകൾ പോകാനേ പാടില്ലെന്ന നിലപാട് കോൺഗ്രസിനുണ്ടെന്ന് കരുതുന്നത് അത്ര ഗുണകരമല്ലെന്നും ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു.