നികുതികളെല്ലാം രാജ്യത്തിന്റെ വരുമാനത്തിനുള്ള ഉപാധികളാണ്. കാലാകാലങ്ങളിൽ അത് പരിഷ്‌കരിക്കരിക്കാറുണ്ട്. ഇളവുകളായോ വർധനയായോ അതുമല്ലെങ്കിൽ കൂട്ടിച്ചേർക്കലുകളായോ ആയിട്ടായിരിക്കും മാറ്റങ്ങൾ. എന്നാൽ വരുമാനമെന്നതിനേക്കാളുപരി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ഭാവിയും ഭാസുരമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നികുതി ചുമത്തൽ അപൂർവമാണ്. അത്തരമൊന്നായി വേണം ജൂൺ 11 മുതൽ സൗദിയിൽ ഏർപ്പെടുത്തിയ സെലക്ടീവ് ടാക്‌സ്. ആരോഗ്യത്തിന് ഹാനികരമായ സിഗററ്റ്, എനർജി ഡ്രിംഗ്‌സ്, കാർബണേറ്റഡ് ഡ്രിംഗ്‌സ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതിയാണ് സെലക്ടീവ് ടാക്‌സിലൂടെ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ പൂർണമായും ഹാനികരമല്ലെങ്കിലും ഒഴിവാക്കപ്പെട്ടാൽ ആരോഗ്യം സമ്പന്നമാക്കാൻ സഹായിക്കുന്ന മറ്റു ശീതള പാനീയങ്ങൾക്കും അൻപത് ശതമാനം നികുതി വർധനയാണ് സെലക്ടീവ് ടാക്‌സിലൂടെ നടപ്പാക്കിയത്. സൗദിയിലേതു പോലെ മറ്റ് ജി.സി.സി രാജ്യങ്ങളും ഈ നികുതി നടപ്പാക്കിവരികയാണ്.
പുകവലിക്കാർക്കും ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നവർക്കും അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന നടപടിയാണെങ്കിലും രാജ്യത്തിന്റെ ആരോഗ്യ ഭദ്രതക്ക് അനിവാര്യമായ ഒന്നായി വേണം ഇതിനെ വിലയിരുത്താൻ. അധികം സാമ്പത്തിക ബാധ്യത വരുമ്പോൾ പലരെയും അതിൽനിന്നു പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതോടൊപ്പം ഇത്തരം സാധനങ്ങളുടെ ഉപയോഗത്തിലേക്കു പുതിയതായി കടന്നുവരാൻ താൽപര്യമുള്ളവരെ അതിൽനിന്ന് മാറിച്ചിന്തിപ്പിക്കാനും ഇതു സഹായിക്കും. സൗദി അറേബ്യ ഇന്ന് ആരോഗ്യ രംഗത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളാണ്. സ്വദേശികളിൽ നാലിലൊന്നു പേർ പുകവലിക്കാരാണെന്നാണ് കണക്കൂകൾ സൂചിപ്പിക്കുന്നത്.
സ്വദേശികളായുള്ള രണ്ടു കോടിയോളം ജനങ്ങളിൽ 50 ലക്ഷം പേർ നിലവിൽ പുകവലിക്കാരാണ്. 2020 ഓടെ ഇത് ഇരട്ടിയായി വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുകവലിക്കാരുടെ എണ്ണം സൗദിയിൽ ദിനേന വർധിച്ചു വരികയാണ്. സിഗററ്റ് ഇറക്കുമതിയിൽ ലോകത്ത് നാലാം സ്ഥാനമാണ് സൗദിക്ക്. അതായത് പ്രതിവർഷം 15 ബില്യൺ സിഗററ്റ് സൗദിയിൽ ഉപയോഗിക്കുന്നുണ്ട്. ഇതിനായി 1.3 ബില്യൺ ഡോളറാണ് ചെലവഴിക്കപ്പെടുന്നത്. പുരുഷന്മാരിൽ 38 ശതമാനവും സ്ത്രീകളിൽ 16 ശതമാനവും വിദ്യാർഥികളിൽ 14.5 ശതമാനവും പുകവലിക്കുന്നവരാണെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകത്ത് കാൻസർ രോഗം മൂലം മരിക്കുന്നവരിൽ അഞ്ചിൽ ഒരാൾ പുകയില ഉപയോഗത്താൽ രോഗം പിടിപെട്ടവരാണ്.
2020 ഓടെ പ്രതിവർഷം 10 ദശലക്ഷം പേർ പുകവലി കൊണ്ടുള്ള കാൻസർ മൂലം മരിക്കുമെന്നാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പ്രഡിക്ട്‌സ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ലോകം വലിയൊരു ആപത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണ് ഈ റിപ്പോർട്ട്. ഇതു പരിഗണിക്കപ്പെടുമ്പോൾ അതിന്റെ ഏറ്റവും വലിയ ദൂഷ്യം അനുഭവിക്കുക സൗദി അറേബ്യയായിരിക്കും. കാരണം പുകയില ഉൽപന്നങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു നിയന്ത്രണം ഏർപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും സൗദി അറേബ്യ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമാണ് പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തിയുള്ള സെലക്ടീവ് ടാക്‌സ്. ഇതോടെ 17 റിയാലിന് ലഭിച്ചിരുന്ന മുന്തിയ ഇനം ഒരു പാക്കറ്റ് സിഗററ്റിന് ഇപ്പോൾ 34 റിയാൽ നൽകണം. ആറ് റിയാലിന് ലഭിച്ചിരുന്ന കുറഞ്ഞ ഇനത്തിൽപെട്ട സിഗററ്റ് പാക്കറ്റിനിപ്പോൾ വില 12 റിയാലാണ്.
സ്ഥിരം വലിക്കാരായവർക്ക് എത്ര തന്നെ വില കൂടിയാലും അതിൽനിന്ന് പെട്ടെന്ന് പിന്തിരിയുക പ്രയാസമായിരിക്കുമെങ്കിലും സാമ്പത്തിക അധിക ബാധ്യത വലിക്കുന്ന സിഗററ്റുകളുടെ എണ്ണം കുറക്കാൻ പ്രേരിപ്പിക്കുകയും ക്രമേണ അതിൽനിന്ന് പിന്തിരിയാൻ ശ്രമിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ബോധവൽക്കരണം ശക്തമാക്കാനുള്ള നടപടികളും നടന്നു വരികയാണ്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ലോക പുകയില വിരുദ്ധ ദിനത്തിലും പൊതു വേദികളിലുമെല്ലാം ഇതിനായുള്ള കാമ്പയിൻ ശക്തമാക്കിയിട്ടുണ്ട്.
ഉന്മേഷം പകരുമെന്ന് പറയപ്പെടുന്ന പാനീയങ്ങളുടെ ഉപയോഗവും അനുദിനം വർധിക്കുകയാണ്. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾക്കു പുറമെ ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിക്കുന്ന ഇത്തരം പാനീയങ്ങളും സമൂഹത്തിന്റെ ആരോഗ്യത്തെ കാർന്നു തിന്നുമെന്ന് മനസ്സിലാക്കിയാണ് ഇതിന്റെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താൻ ഇത്തരം പാനീയങ്ങൾക്കും അധിക നികുതി ഏർപ്പെടുത്തിയത്.
അനാവശ്യമായ ഇത്തരം സാധനങ്ങളുടെ ഉപയോഗം മൂലം ആരോഗ്യ പ്രശ്‌നങ്ങൾ വർധിക്കുന്നതോടൊപ്പം ചികിത്സക്കായി സർക്കാറിന് വൻ തുകയാണ് ചെലവഴിക്കപ്പെടേണ്ടി വരുന്നത്. മാത്രമല്ല, തലമുറയുടെ ഭാവി തന്നെ അവതാളത്തിലാക്കാൻ ഇതിടയാക്കുമെന്നു കണ്ടുകൊണ്ടാണ് സർക്കാർ സെലക്ടീവ് ടാക്‌സ് കൊണ്ടുവന്നിട്ടുള്ളത്. ഇത് സ്വാഗതാർഹമായ നടപടിയാണ്. ഏതു രാജ്യത്തിന്റെയും സമ്പത്ത് മറ്റെന്തിനേക്കാളും ആ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തന്നെയാണ്. ഇതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന ഉത്തമ ബോധ്യമാണ് ഇത്തരമൊരു തീരുമാനത്തിൽ ഭരണകർത്താക്കളെ എത്തിച്ചത്. ഇത്തരം സാധനങ്ങളുടെ ഉപയോക്താക്കൾക്ക് താൽക്കാലിക പ്രയാസം ഉണ്ടാവുമെങ്കിലും ആത്യന്തികമായി രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമായി മാറാൻ ഇതുപകരിക്കും.
ഈ നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ചതും ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉൽപാദകർക്കും കയറ്റുമതിക്കാർക്കും കച്ചവടക്കാർക്കും അഞ്ച് മുതൽ 25 ശതമാനം വരെ പിഴയും നിയമം നടപ്പാക്കുന്നതിൽ കാര്യക്ഷമത പുലർത്താത്ത ഉദ്യോഗസ്ഥർക്ക് 50,000 റിയാൽ വരെ പിഴ ശിക്ഷയും നൽകുമെന്നുമുള്ള പ്രഖ്യാപനം ഇതാണ് കാണിക്കുന്നത്. സ്വദേശികളെ മാത്രമല്ല, വിദേശികളെയും ആരോഗ്യത്തിന് ഹാനികരമായ ഇത്തരം സാധനങ്ങളുടെ ഉപയോഗത്തിൽനിന്ന് മാറിച്ചിന്തിപ്പിക്കാൻ ഈ നടപടി ഉപകരിക്കും.