കൊച്ചി - സീറോ മലബാർ സഭയിലെ വ്യാജരേഖ വിവാദത്തിൽ അന്വേഷണ സംഘം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജമായി ചമച്ചതാണ് ബാങ്ക് രേഖകൾ എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്ന പരാതിയിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തത്. കേസിലെ പരാതിക്കാരൻ ഫാ.ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും കോടതി രേഖപ്പെടുത്തിയതായാണ് വിവരം. സീറോ മലബർ സിനഡിന്റെ നിർദേശ പ്രകാരമായിരുന്നു ഫാ.ജോബി മാപ്രക്കാവിൽ പോലീസിൽ പരാതി നൽകിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.ഫാ.പോൾ തേലക്കാട്ടിന് ലഭിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിന് കൈമാറി.മാർ ജേക്കബ് മനത്തോടത്ത് ഇതിന്റെ ആധികാരികത പരിശോധിക്കാനായി മാർ ജോർജ് ആലഞ്ചേരിക്കു നൽകി.അദ്ദേഹം അത് സിനഡ് മുമ്പാകെ സമർപ്പിക്കുകയും തനിക്ക് ഇത്തരത്തിൽ ഒരു ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.തുടർന്നാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനായി പോലീസിൽ പരാതി നൽകിയത്.തുടർന്ന് പോലീസ് ഫാ.പോൾ തേലക്കാടിനെയും മാർ ജേക്കബ് മനത്തോടത്തിനെയും പ്രതി ചേർത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തങ്ങൾക്കു ലഭിച്ച രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായി നൽകിയതാണെന്നും ഇതിൽ തങ്ങൾക്കു പങ്കില്ലെന്നുമായിരുന്നു മാർ ജേക്കബ് മനത്തോടത്തിന്റെയും ഫാ.പോൾ തേലക്കാടിന്റെയും വിശദീകരണം.തുടർന്ന് കേസിൽ നിന്നൊഴിവാക്കുന്നതിനായി ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കട്ടെയെന്നും ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും എന്നാൽ പോലിസ് ഇവരെ അനാവശ്യമായി ശല്യം ചെയ്യരുതെന്നും കോടതി നിർേദശിച്ചിരുന്നു.
നേരത്തെ സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.അങ്കമാലി സ്വദേശി പാപ്പച്ചന്റെ പരാതിയിലായിരുന്നു കോടതി നടപടി.
സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിൽപനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എറണാകുളം സെൻട്രൽ പോലീസിനാണ് ഇതിന്റെ അന്വേഷണ ചുമതല.ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുക്കാൻ തൃക്കാക്കരയും കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകൾ നിലവിലുണ്ട്.
വിവാദ ഭൂമി കച്ചവടത്തിലെ അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറിയിട്ടുണ്ട്.വത്തിക്കാന്റെ നിർദേശം പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട് അതിരൂപതാ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തി റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാന്ദ്രിക്കാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് പഠിച്ചതിന് ശേഷം വത്തിക്കാൻ തുടർ നടപടികൾ സ്വീകരിക്കും.അതിരൂപതാ അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോട്ടത്ത് നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലുകളും സ്വകാര്യ ഓഡിറ്റ് ഉപദേശക സ്ഥാപനത്തിന്റെ ശുപാർശകളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.