ജിദ്ദ- പ്രവാസികള്‍ക്ക് തങ്ങളുടെ ആശ്രിതരുടേയും ഗാര്‍ഹിക തൊഴിലാളികളുണ്ടെങ്കില്‍ അവരുടേയും പാസ്‌പോര്‍ട്ട് പുതുക്കിയാല്‍ അബ്ശിര്‍ വെബ്‌സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യാം. തുടക്കത്തില്‍ അബ്ശിറിന്റെ മൊബൈല്‍ ആപ്പ് വഴി മാത്രമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിച്ചിരുന്നത്.
ജവാസാത്ത് ഓഫീസുകളില്‍ പോയി ചെയ്യേണ്ടിയിരുന്ന നഖല്‍ മഅ്‌ലൂമാത്ത് ( പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍) ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അബ്ശിര്‍ ആപ്പില്‍ ലഭ്യമായത് പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു.
വിദേശികളായ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍നിന്ന് തന്നെയാണ് ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. സ്‌പോണ്‍സര്‍ക്കും എച്ച്.ആര്‍ വിഭാഗത്തിനും ഇത് ഒഫീസിലിരുന്ന് ചെയ്യാം.
വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ സൗദിയിലുണ്ടെങ്കില്‍ അവരുടെ പാസ്പാര്‍ട്ടുകള്‍ കാലാവധി കഴിഞ്ഞ് പുതുക്കിയാല്‍ അബ്ശിര്‍ വെബ് പോര്‍ട്ടല്‍ വഴിയും ആപ്പ് വഴിയും ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാം. നേരത്തെ നഖല്‍ മഅ്‌ലൂമാത്ത് ജവാസാത്ത് കേന്ദ്രങ്ങളില്‍നിന്ന് ചെയ്തപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
തൊഴിലാളികള്‍ക്ക് സ്വന്തം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. സ്‌പോണ്‍സര്‍മാര്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. പാസ്‌പോര്‍ട്ട് പുതുക്കിയാലും പഴയ പാസ്‌പോര്‍ട്ടിന് ആറു മാസത്തിലേറെ കാലാവധിയുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല. ട്രാഫിക് പിഴ അടക്കാനുണ്ടെങ്കില്‍ അപ്‌ഡേറ്റ് സാധ്യമല്ല. അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് ഉടമ സൗദിയില്‍ ഉണ്ടായിരിക്കണം.
നിങ്ങള്‍ ചെയ്യേണ്ടത്
1. അബ്ശിര്‍ വെബ്‌സൈറ്റില്‍ നിങ്ങളുടെ അക്കൗണ്ട് ലോഗ് ഇന്‍ ചെയ്യുക. മൊബൈല്‍ ഫോണില്‍ വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. ഇവിടെ ക്ലിക്ക് ചെയ്യുക
2. ഡിപ്പെന്‍ഡെന്റ്‌സ സര്‍വീസസില്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ പേജ് തുറക്കും. തുടര്‍ന്ന് അപ്‌ഡേറ്റ് റെസിഡന്റ് പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം പ്രൊസീഡ് ക്ലിക്ക് ചെയ്യുക.
3. പാസ്‌പോര്‍ട്ട് വിവരം അപ്‌ഡേറ്റ് ചെയ്യേണ്ട ആശ്രിതരുടെ പേരുകള്‍ സെലക്ട് ചെയ്യുക.
4. പാസ്‌പോര്‍ട്ട് നമ്പര്‍, പുതിയ പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്ത തീയതി, കാലാവധി, ഇഷ്യൂ ചെയ്ത രാജ്യം, ഇഷ്യൂ ചെയ്ത സിറ്റി എന്നിവ സെലക്ട് ചെയ്യുക.
5. ചേര്‍ത്ത എല്ലാ വിവരങ്ങളും ഉറപ്പാക്കിയ ശേഷം അപ്‌ഡേറ്റ് പാസ് പോര്‍ട്ട് ഇന്‍ഫര്‍മേഷനില്‍ ക്ലിക്ക് ചെയ്യുക.