Sorry, you need to enable JavaScript to visit this website.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മർകസിന്റെ ഡ്രീം ഹോം കൈമാറി

പ്രളയ കാലത്ത് വീട് നഷ്ടപ്പെട്ട പത്തു കുടുംബങ്ങൾക്ക് മർകസ് നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ സമർപ്പണം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും സയ്യിദ് അലി ബാഫഖി തങ്ങളും ചേർന്ന് നിർവഹിക്കുന്നു.

കോഴിക്കോട്-   പ്രളയ കാലത്ത് വീടുകൾ നഷ്ടപ്പെട്ട പത്തു കുടുംബങ്ങൾക്കു മർകസ് നിർമിച്ചുനൽകിയ ഡ്രീംഹോം കൈമാറി.  പൂനൂർ മർകസ് ഗാർഡനിൽ നടന്ന ചടങ്ങിൽ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ താക്കോൽ സമർപ്പണം നടത്തി. പ്രതിസന്ധികളുടെ കാലത്ത് പ്രയാസപ്പെടുന്നവന്റെ കൂടെ നിൽക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നും  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആരംഭം മുതലേ മാതൃകാപരമായ ഇടപെടലുകളാണ് മർകസ് നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. 'റീബിൽഡ് കേരള'യുടെ ഭാഗമായി ജീവകാരുണ്യ സംഘടനയായ ആർ.സി.എഫ്.ഐയുമായി സഹകരിച്ച് ചേപ്പാല, നരിക്കുനി, മടവൂർമുക്ക്, പെരിമ്പലം, തിരുവമ്പാടി, ഈങ്ങാപുഴ, കരുളായി, കുറ്റിക്കടവ്, കരിഞ്ചോല, കൂമ്പാറ എന്നിവിടങ്ങളിലായാണ് പദ്ധതികൾ പൂർത്തീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26  ഭവന പദ്ധതികളാണ് മർകസിന് കീഴിൽ പൂർത്തിയായി വരുന്നത്. 6 ലക്ഷം രൂപ ചെലവിൽ രണ്ട് മുറികളും അനുബന്ധ കാര്യങ്ങളുമായി പൂർത്തിയാക്കുന്ന വീടുകൾ മികച്ച സൗകര്യങ്ങളോടെയും  ഗുണമേന്മയിലുമായാണ് നിർമിച്ചു നൽകുന്നത്. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ പ്രാർത്ഥന നടത്തി.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി  മുഖ്യ പ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഡ്രീംഹോം പ്രോജക്ട് വിശദീകരിച്ച് സംസാരിച്ചു.സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സ്വബുർ ബാഹസൻ, റഷീദ് പുന്നശ്ശേരി പ്രസംഗിച്ചു.


 

Latest News