Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബാങ്കുകളുമായി അകന്നു നില്‍ക്കുന്നവരെ അടുപ്പിക്കാന്‍ വിപുലമായ പദ്ധതി

റിയാദ്- സൗദിയിൽ വ്യക്തികളെയും ചെറുകിട ഇടത്തരം സ്ഥാപനങ്ങളെയും ബാങ്കിംഗ് മേഖലയിലേക്ക് കൂടുതലായി അടുപ്പിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്ന്   കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്റി അതോറിറ്റി (സാമ) അറിയിച്ചു.
ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിഷൻ 2030 വിഭാവന ചെയ്യുന്നത് പ്രകാരം ദേശീയ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് 'സാമ' ബാങ്കിംഗ് മേഖല വ്യാപിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി നിലവിൽ കുറഞ്ഞ തോതിൽ മാത്രം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന സാമ്പത്തിക സഹായത്തിന്റെ തോത് 20 ശതമാനമാക്കി ഉയർത്തും. ഇതോടെ ദേശീയ വരുമാനത്തിലേക്ക്  35 ശതമാനത്തിലേറെ സംഭാവന ചെയ്യാൻ ഇത്തരം സ്ഥാപനങ്ങൾക്ക് സാധിക്കുമെന്ന് 'സാമ' വിലയിരുത്തുന്നു. അതോടൊപ്പം, രാജ്യത്ത് 90 ശതമാനത്തിലേറെ ആളുകളെ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ മുന്നോടിയായാണ് അക്കൗണ്ട് തുടങ്ങുന്നതിന് പ്രത്യേകം ഫീസ് ഈടാക്കനോ ഡെപ്പോസിറ്റ് ചെയ്യണമെന്ന് നിർബന്ധിക്കാനോ പാടില്ലെന്ന് 'സാമ' നിഷ്‌കർഷിച്ചത്. ബാങ്കിംഗ് സേവനങ്ങൾക്ക് ഉയർന്ന ഫീസ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയതും അക്കൗണ്ട് തുറക്കുന്നതിന് പൊതുജനങ്ങളെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ശാഖകളില്ലാത്തതോ സേവനം നൽകുന്നതിന് തടസ്സം നേരിടുന്നതോ ആയ മേഖലകളിൽ ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്താൻ ബാങ്കുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ബാങ്കുകളെ ആശ്രയിക്കുന്നതിന് പൊതുജനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാണ് 'സാമ' ഈ നിർദേശം നൽകിയിരുന്നത്. സൗദിയിലെ സാമ്പത്തിക സർവീസ് വിപണിയിൽ നൂതന സാങ്കേതിക വിദ്യകൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് മനസ്സിലാക്കുന്നതിന് ഡിജിറ്റൽ സംവിധാനവും 'സാമ' നടപ്പിലാക്കിയിരുന്നു. ഇതുവഴി ബാങ്ക് ശാഖകളെ സമീപിക്കാതെ തന്നെ ഓൺലൈൻ വഴി അക്കൗണ്ടുകൾ തുറക്കുന്നതിനും മൊബൈൽ ഫോൺ മുഖേന ഇടപാടുകൾ നടത്തുന്നതിനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിഷ്പ്രയാസം സാധിക്കും.
 

Latest News