Sorry, you need to enable JavaScript to visit this website.

ടിപ്പു സുൽത്താനും കേണൽ മൈൽസിന്റെ കള്ളക്കഥകളും

മേയ് നാല്- മൈസൂർ കടുവ എന്നറിയപ്പെടുന്ന ധീരദേശാഭിമാനി ടിപ്പുസുൽത്താന്റെ രക്തസാക്ഷിത്വ സ്മൃതിദിനം 

ഡോ. എ.പി.ജെ അബ്ദുൽ കലാം 'അഗ്നിച്ചിറകുകൾ' എന്ന തന്റെ ആത്മകഥയിൽ സ്വന്തം നാട്ടുകാർ മറന്ന ടിപ്പുവിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അമേരിക്കയിൽ വെർജീനിയയുടെ കിഴക്കൻ തീരത്തുള്ള നാസയുടെ 'ആയുധ ദ്വീപിൽ' ബ്രിട്ടീഷുകാർക്കെതിരെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന ടിപ്പു സുൽത്താന്റെ പ്രതീകാത്മക ചിത്രം പ്രദർശിപ്പിക്കുന്ന കാര്യം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഏതായാലും ചില ആളുകൾ ഇപ്പോഴും തെറ്റായി പ്രചരിപ്പിക്കുന്ന ടിപ്പുവിന്റെ യഥാർത്ഥ ചരിത്രം പഠനവിധേയമാക്കാൻ സമയം വൈകിയെന്ന് പറയട്ടെ.

ബ്രിട്ടീഷുകാർക്ക് ടിപ്പു സുൽത്താനിൽ നിന്ന് നേരിട്ടത് പോലെയുള്ള എതിർപ്പ് ഇന്ത്യയിൽ മറ്റൊരിടത്ത് നിന്നും അവർക്ക് നേരിടേണ്ടി വന്നിട്ടില്ല. ബ്രിട്ടീഷുകാർ എന്ന് പറഞ്ഞാൽ ഒരു വ്യവസ്ഥാപിത ഭരണ സംവിധാനമല്ല. ലണ്ടനിലെ ലിയാണ്ടർ ഹാൾ തെരുവിലെ രണ്ട് മുറിപ്പീടികയുടെ ഉടമസ്ഥതയിൽ ഒതുങ്ങുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി എന്നേ അർത്ഥമാക്കേണ്ടതുള്ളൂ. (ഈ കെട്ടിടം ഇപ്പോൾ പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ ഉടമസ്ഥതയിലാണ്). കച്ചവടത്തിന് വന്ന ഇവരാണ് നാട് പിടിച്ചടക്കി, നാട്ടുകാരെ തമ്മിൽ തല്ലിച്ച് നിയമവും ഭരണവുമൊക്കെ നടത്തിയത്. ബ്രിട്ടീഷ് സൈന്യം എന്ന് പറയുന്നതിലും ഭേദം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം എന്ന് പറയുന്നതായിരിക്കും ശരി. ടിപ്പുവിന്റെ ചരിത്രം എഴുതി പ്രചരിപ്പിച്ചത് ഗവേഷകരായ ബ്രിട്ടീഷ് ചരിത്രകാരന്മാരല്ല, സൈനികരാണ്. കേണൽ മൈൽസ് ആണ് അതിൽ പ്രധാനി. ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിൽ അകറ്റുവാൻ പല കള്ളക്കഥകളും രചിച്ചു.  നമ്മുടെ തന്നെ ചരിത്രകാരന്മാർ അതേറ്റ് പിടിച്ചു. മുൻ വൈസ് ചാൻസലർ കെ.കെ.എൻ. കുറുപ്പ്, പി.കെ.ബാലകൃഷ്ണൻ, പ്രാക്‌സി ഫെർണാണ്ടാസ്, മുഹമ്മദ് ഇലിയാസ് നെദ് തുടങ്ങിയ ഒട്ട് വളരെ പേർ ഇംഗ്ലീഷിലും വിവിധ ഭാഷകളിലുമായി ടിപ്പുവിന്റെ യഥാർത്ഥ സത്യസന്ധമായ ജീവചരിത്രം രചിച്ചിട്ടുണ്ട്. 
കെ.കെ.എൻ. കുറുപ്പിന്റെ 'നവാബ് സുൽത്താൻ' എന്ന കൃതി വളരെ പ്രസിദ്ധമാണ്. അവയെല്ലാം സത്യാവസ്ഥ വിവരിക്കുന്നവയാണ്. ഡോ.ബി.എൻ.പാണ്ഡെയുടെ 'ഇസ്‌ലാമും ഇന്ത്യൻ സംസ്‌കാരവും' എന്ന കൃതി ടിപ്പുവിനെ കുറിച്ചുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ മുന ഒടിക്കുന്നുണ്ട്. ടിപ്പു ഹിന്ദു വിരോധിയോ ക്ഷേത്രധ്വംസകനോ, കൂട്ടമതപരിവർത്തനം നടത്തിയവനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ സൈനികരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ഭരണ-സൈനിക കാര്യങ്ങൾ പൂർണമായും നിയന്ത്രിച്ചിരുന്നത് ബ്രാഹ്മണന്മാരായ പൂർണയ്യയും കൃഷ്ണറാവുവും ആയിരുന്നു. ടിപ്പുവിന്റ മൈസൂർ ഇന്നത്തെ മൈസൂർ ജില്ല മാത്രമായിരുന്നില്ല. കർണാടക പൂർണമായും മഹാരാഷ്ട്രയുടെയും കേരളത്തിന്റെയും ചില ഭാഗങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. ഇപ്പോഴത്തെ കർണാടക സംസ്ഥാനത്തിന്റെ പേർ 1969 വരെ 'മൈസൂർ' എന്നായിരുന്നു. ശ്രീനിവാസ റാവുവും അപ്പറാവുവും, സുബ്ബറാവുവും മുഖ്യ പേഷ്‌കാർ പദവി ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നാട്ടുരാജ്യത്തിൽ എന്നും ഹിന്ദുക്കൾ ഭൂരിപക്ഷമായിരുന്നു. ക്ഷേത്ര ധ്വംസകനായ ഒരു ഭരണാധികാരിക്ക് അധിക കാലം ഭരിക്കാൻ കഴിയില്ലെന്ന് ഓർക്കണം. ടിപ്പു ഗുരുവായൂർ ക്ഷേത്രം ആക്രമിച്ചു എന്ന് പറയുന്നവരുണ്ട്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിന് ടിപ്പു ഭൂമിയും പണവും നൽകിയതിന് വ്യക്തമായ രേഖകളുണ്ട്. അദ്ദേഹത്തിന്റെ സൈന്യം തൃശൂരിൽ തേക്കിൻകാട് മൈതാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. അതിന് മുന്നിലാണ് വടക്കുംനാഥക്ഷേത്രം. അത് ആക്രമിച്ചതായി ആരും പറഞ്ഞിട്ടില്ല.
മലബാറിലെ പതിനായിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു. കോഴിക്കോട്ടെ പ്രധാന ക്ഷേത്രങ്ങളെല്ലാം തകർത്തു എന്നൊക്കെ എഴുതിപ്പിടിപ്പിച്ചവരുണ്ട്. മലബാറിൽ അന്ന് പതിനായിരക്കണക്കിന് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവോ എന്ന് ചോദിക്കുന്നില്ല. എന്നാൽ കോഴിക്കോട്ടെ ഏത് ക്ഷേത്രമാണ് തകർത്തത്? കോഴിക്കോട്ടെ പ്രധാന ക്ഷേത്രങ്ങളായ തളി ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, ഭൈരാഗി ക്ഷേത്രം, മീഞ്ചന്തയിലെ തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രം, തിരുവണ്ണൂർ ശിവക്ഷേത്രം, അഴകൊടി ക്ഷേത്രം, വടകരയിലെ ലോകനാർകാവ് ക്ഷേത്രം തുടങ്ങിയവയെല്ലാം ഇന്നും പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു. പുൽപള്ളി, മാനന്തവാടി ക്ഷേത്രങ്ങൾക്ക് മുന്നിലൂടെയാണ് ടിപ്പുവിന്റെ പട മലബാറിലേക്ക് വന്നത്. ഒന്നും ഒരു കാലത്തും ആക്രമിക്കപ്പെട്ടിട്ടില്ല. ടിപ്പുവിന്റെ പ്രധാന എതിരാളി സാമൂതിരി രാജാവാണ്. അദ്ദേഹത്തിന്റെ നേർക്ഷേത്രമാണ് തളിയിലുള്ളത്. ഒരു കാലത്തും അതിന് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. സിനിമാ സംവിധായകൻ കാളിദാസ് പുതുമന പറഞ്ഞത് ഓർമ വരികയാണ്. ടിപ്പു കടന്നുപോകുന്ന വഴികളിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ നായന്മാർ തകർന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ വിതറി. ചില ക്ഷേത്രവാതിലുകൾ കേടുവരുത്തി. എന്നിട്ട് ടിപ്പു വന്നപ്പോൾ ഇവിടെ ക്ഷേത്രമുണ്ടായിരുന്നു. നിങ്ങളുടെ പട്ടാളക്കാർ തകർത്തു എന്നൊക്കെ പറഞ്ഞ് ടിപ്പുവിൽ നിന്ന് പണവും ഭൂമിയും തട്ടിപ്പറിക്കുകയായിരുന്നു. പാലക്കാട്ട് ഹൈദരാലി നിർമിച്ച കോട്ടക്കകത്ത് ഒരു ക്ഷേത്രമുണ്ട്. ഇപ്പോഴും അതവിടെ കാണാം. തന്റെ ഹിന്ദു പട്ടാളക്കാർക്ക് പ്രാർത്ഥിക്കാൻ അദ്ദേഹം നിർമിച്ചതാണ് അത്. ഇത്രയൊക്കെ ക്ഷേത്രങ്ങൾ 'തകർത്തു' എന്ന് പറയുന്നവർ ടിപ്പു എത്ര പള്ളികൾ നിർമിച്ചു എന്ന് പറയുന്നില്ല. മലബാറിൽ ഒരു മസ്ജിദ് മാത്രമാണ് നിർമിച്ചത്. ഫറോക്ക് പേട്ടയിലുള്ള ചെറിയ പള്ളി. അടുത്ത കാലത്ത് അത് വലുതാക്കിയിട്ടുണ്ട്. അവിടെ ക്ഷേത്രം പൊളിച്ചുവെന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ല. ടിപ്പുവിന്റെ ഫറോക്കിലെ കോട്ട അതിനടുത്താണ്. ഈ കോട്ട സംരക്ഷിക്കുന്നതിന് ഇത്തവണത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ മൂന്ന് കോടി വകയിരുത്തിയിട്ടുണ്ട്. ഫറോക്കും ബേപ്പൂരും ഉൾപ്പെടുത്തി ഒരു തുറമുഖ പട്ടണം നിർമിക്കാൻ ടിപ്പുവിന് പദ്ധതി ഉണ്ടായിരുന്നു. തന്റെ മലബാർ സംസ്ഥാനം ഇവിടെയാണ് ഉദ്ദേശിച്ചത്. പേർ നൽകിയത് ഫാറൂഖാബാദ് എന്നായിരുന്നു.
ഹിന്ദു വിരുദ്ധനായും യുദ്ധക്കൊതിയനായും മാത്രം ടിപ്പുവിനെ ചിത്രീകരിക്കുന്നതിലാണ് പലർക്കും താൽപര്യം. ക്ഷേത്രധ്വംസന കഥകൾ ശരിയല്ല എന്നതിലുള്ള സൂചനകൾ മാത്രമാണ് ഇവിടെ നൽകിയത്. ധാരാളം പൗരാണിക ക്ഷേത്രങ്ങൾ ഇന്നും മൈസൂരിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. ടിപ്പുവിന്റെ മരണത്തോടെ ശ്രീരംഗപട്ടണത്തുള്ള അദ്ദേഹത്തിന്റെ വേനൽക്കാല വസതി ബ്രിട്ടീഷ് മേധാവി ആർതർ വെല്ലസ്ലി സ്വന്തം ഭവനമാക്കി. അത് അവിടെ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ ടിപ്പുവിന്റെ കൊട്ടാരം അവർ തകർത്തു കളഞ്ഞു. അത് അദ്ദേഹത്തിന്റെ സൗഹാർദത്തിന്റെ വിശ്വരൂപമായിരുന്നു. സദാനന്ദഗൗഡ കർണാടക മുഖ്യമന്ത്രിയായപ്പോൾ അത് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ ഒരു ഭാഗത്ത് ക്ഷേത്രവും മറുഭാഗത്ത് പള്ളിയുമാണ്. മധ്യത്തിലാണ് കൊട്ടാരം. കൊട്ടാരത്തിന് മുന്നിൽ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നുണ്ട്. ഭരണം, രാജ്യതന്ത്രജ്ഞത, സൈനിക സംവിധാനം, നീതിനിർവഹണം, ഭരണ പരിഷ്‌കാരം തുടങ്ങിയ മേഖലകളിൽ മഹനീയ മാതൃകകൾ അദ്ദേഹം സൃഷ്ടിച്ചു. ജന്മിമാരെയും മാടമ്പിമാരെയും അമർച്ച ചെയ്ത് മലബാറിലെ  കാർഷിക മേഖല അദ്ദേഹം കർഷക സൗഹൃദമാക്കി. മലബാറിലെ ഒരു വലിയ വിഭാഗം സ്ത്രീകൾക്ക് മാറ് മറക്കാൻ  സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ടിപ്പു അതിൽ മാറ്റം വരുത്തി. അതിനെയാണ് 'കുപ്പായം ഇടുവിപ്പിച്ച് മതം മാറ്റി' എന്ന് ചിലർ പ്രചരിപ്പിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള യാതൊരു വിവേചനവും അനുവദിച്ചില്ല. തന്റെ സാമ്രാജ്യത്തിൽ ധാരാളം വ്യവസായ ശാലകൾ അദ്ദേഹം സ്ഥാപിച്ചു. വസ്ത്രം, പരവതാനി, ഗൃഹോപകരണം എന്നിവയുടെ നിർമാണം ലോകോത്തര നിലവാരത്തിലെത്തിച്ചു. വിദേശ വ്യാപാരികൾ മൈസൂരിലേക്ക് ഒഴുകി എത്തി. പൊതുജന പങ്കാളിത്തോടെയുള്ള വ്യവസായ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. പ്രസിദ്ധമായ മൈസൂർ സിൽക്ക് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണൂരിലും കാസർകോട്ടും നെയ്ത്തുശാലകൾ സ്ഥാപിച്ചത് അദ്ദേഹമാണ്. കോഴിക്കോട് മാനാഞ്ചിറ കുളം ഒരു ശുദ്ധജല സംഭരണിയായി നിർമിച്ചത് മറ്റാരുമല്ല. ടിപ്പു സുൽത്താൻ നിർമിച്ച റോഡുകൾ ഇപ്പോഴും കോഴിക്കോട്ടുണ്ട്. മൈസൂരിലെ പ്രസിദ്ധമായ കണ്ണമ്പാടി അണക്കെട്ടിന്റെ ഉപജ്ഞാതാവ് ടിപ്പുവിന്റെ ചിത്രത്തോട് കൂടിയ പേർഷ്യൻ ഭാഷയിലുള്ള കണ്ണമ്പാടി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ കെണിയിൽ പെട്ട് പല ഉന്നതരും ടിപ്പുവിനെ ചതിച്ചു. ഏറ്റവും അടുത്ത വിശ്വസ്തരായി വർത്തിച്ച കൃഷ്ണറാവുവും മിർസാദിക്കും അവരിൽ പെടുന്നു. ടിപ്പുവിന്റെ സൈനിക രഹസ്യങ്ങളും ആയുധ ശേഖരങ്ങളും ബ്രിട്ടീഷുകാർക്ക് കൈമാറിയത് കൃഷ്ണറാവുവായിരുന്നു. വിശ്വസ്തരെന്ന് കരുതിയ പല ഉന്നതരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ ചതിച്ചവരിൽ പെടുന്നു. ബ്രിട്ടീഷുകാർക്ക് കോട്ട വാതിലുകൾ തുറന്നു കൊടുത്തത് അവരായിരുന്നു. ടിപ്പു മരിച്ചു വീണപ്പോൾ ബ്രിട്ടീഷ് ജനറൽ ഹാൾഡ് വിളിച്ച് പറഞ്ഞത്- 'ഇതോടെ ഇന്ത്യ നമ്മുടേതായി' എന്നായിരുന്നു. ഒരു ഹിന്ദുവും ടിപ്പുവിനെ കൊല്ലാൻ ശ്രമിച്ചതായി പറയുന്നില്ല.
ഇന്ത്യൻ പാർലമെന്റിൽ ടിപ്പുവിന്റെ ചിത്രമുണ്ട്. ദൽഹി അസംബ്ലിയിൽ ഇയ്യിടെ ഒരു ചിത്രം അനാഛാദനം ചെയ്യുകയുണ്ടായി. തദവസരത്തിൽ മുഖ്യമന്ത്രി കെജ്‌രിവാൾ ഇന്ത്യൻ ഭരണഘടനയുടെ അസ്സൽ പതിപ്പിൽ പതിനാറാം ചാപ്റ്ററിൽ 44 ാം പേജിൽ ഝാൻസി റാണിയുടെ സമീപത്തായി ടിപ്പു സുൽത്താന്റെ ചിത്രമുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി. രാജ്യത്തിന് വേണ്ടി രണ ഭൂമിയിൽ വീര രക്തസാക്ഷിത്വം വരിച്ചിട്ടും ടിപ്പുവിനെ ഇപ്പോഴും ഒരു വിഭാഗം  അവഹേളിക്കുന്നത് ഖേദകരമാണ്. 
2018 ഒക്ടോബർ 25 ന് കർണാടക അസംബ്ലിയിൽ ചെയ്ത പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ടിപ്പു സുൽത്താനെ വാനോളം പ്രശംസിക്കുകയുണ്ടായി. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ നെടുനായകനായും യൂറോപ്യന്മാർക്ക് മുമ്പേ റോക്കറ്റ് വൈദഗ്ധ്യം നേടിയ സാഹസികനായും ടിപ്പുവിനെ രാഷ്ട്രപതി വാഴ്ത്തി. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം 'അഗ്നിച്ചിറകുകൾ' എന്ന തന്റെ ആത്മകഥയിൽ സ്വന്തം നാട്ടുകാർ മറന്ന ടിപ്പുവിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അമേരിക്കയിൽ വെർജീനിയയുടെ  കിഴക്കൻ തീരത്തുള്ള നാസയുടെ 'ആയുധ ദ്വീപിൽ' ബ്രിട്ടീഷുകാർക്കെതിരെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന ടിപ്പുസുൽത്താന്റെ പ്രതീകാത്മക ചിത്രം പ്രദർശിപ്പിക്കുന്ന കാര്യം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഏതായാലും ചില ആളുകൾ ഇപ്പോഴും തെറ്റായി പ്രചരിപ്പിക്കുന്ന ടിപ്പുവിന്റെ യഥാർത്ഥ ചരിത്രം പഠനവിധേയമാക്കാൻ സമയം വൈകിയെന്ന് പറയട്ടെ.

Latest News