റിയാദ് - സൗദി അറേബ്യയില്‍ ട്രാഫിക് വിഭാഗം രേഖപ്പെടുത്തിയ നിയമ ലംഘനങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം നല്‍കുന്ന സംവിധാനം അല്‍ഖസീം, മദീന പ്രവിശ്യകളില്‍ നടപ്പിലായി. വൈകാതെ മറ്റു പ്രവിശ്യകളിലും സേവനം നിലവില്‍വരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അല്‍ഖസീം പ്രവിശ്യയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആദ്യം ആരംഭിച്ചത്. പിന്നീട് മദീന പ്രവിശ്യയില്‍ കൂടി പദ്ധതി നടപ്പാക്കി.
ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നതിലുള്ള വിയോജിപ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴിയാണ് അറിയിക്കേണ്ടത്. തങ്ങള്‍ നടത്തിയ ഗതാഗത നിയമ ലംഘനങ്ങളുടെ ഫോട്ടോകള്‍ അബ്ശിര്‍ വഴി ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കും.
ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനകമാണ് ഓണ്‍ലൈന്‍ വഴി വിയോജിപ്പ് അറിയിക്കേണ്ടത്. പിഴകള്‍ ഒടുക്കിയ നിയമ ലംഘനങ്ങളിലും ഒടുക്കാത്ത നിയമ ലംഘനങ്ങളിലും ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കാവുന്നതാണ്. വിയോജിപ്പ് രേഖപ്പെടുത്തി ഏഴു പ്രവൃത്തി ദിവസത്തിനകം പരാതിക്ക് പരിഹാരം കാണാത്ത പക്ഷം ഗതാഗത നിയമ ലംഘനങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക അതോറിറ്റിയെ ഡ്രൈവര്‍മാര്‍ക്ക് സമീപിക്കാവുന്നതാണ്.