Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം വരുന്നു

റിയാദ് - സൗദിയില്‍ ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ വിദേശ നിക്ഷേപകരും വ്യവസായികളും സന്നദ്ധത പ്രകടിപ്പിച്ചതായി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വെളിപ്പെടുത്തി.
വാള്‍സ്ട്രീറ്റ് ഷെയര്‍ മാര്‍ക്കറ്റിലെ ഏതാനും വന്‍കിട കമ്പനികള്‍ സൗദിയില്‍ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. പശ്ചാത്തല വികസന, ആരോഗ്യ, ആതിഥേയ മേഖലകളില്‍ വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്തതിനാല്‍ രാജ്യത്ത് എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്.

സൗദിയിലേക്ക് വലിയ തോതില്‍ വിദേശ നിക്ഷേപങ്ങള്‍ തിരിച്ചെത്തും. റിയാദില്‍ കഴിഞ്ഞ ദിവസം സമാപിച്ച ധനമേഖലാ സമ്മേളനത്തിലെ വലിയ പങ്കാളിത്തം ഇതാണ് വ്യക്തമാക്കുന്നത്. സമീപ കാലത്ത് സൗദിയില്‍ വിദേശ നിക്ഷേപങ്ങള്‍ കുറഞ്ഞിരുന്നു. ഈയവസ്ഥ വൈകാതെ ഇല്ലാതാകും. മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിക്ഷേപ സാഹചര്യത്തെ പൊതുവില്‍ ബാധിക്കും. സൗദി വിപണിയില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ആഗോള നിക്ഷേപകര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ച് ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പഠിച്ചുവരികയാണ്. ബോണ്ടുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ച് ധനസ്ഥാപനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ പ്രാരംഭ ദശയിലാണ്. സാങ്കേതിക വിദ്യ, ടൂറിസം, വിനോദം എന്നീ മേഖലകളില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ശ്രമിക്കുന്നുണ്ട്. വിദേശത്ത് നിക്ഷേപങ്ങള്‍ നടത്തുന്നതിന് 10,000 കോടി ഡോളറിന്റെ പോര്‍ട്ട്‌ഫോളിയോ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പക്കലുണ്ട്. രാജ്യത്തിനകത്തും വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
സൗദി അറാംകൊ അടുത്തിടെ 1200 കോടി ഡോളറിന്റെ ബോണ്ടുകള്‍ പുറത്തിറക്കിയ പശ്ചാത്തലത്തില്‍ ആഗോള വിപണികളില്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നീക്കം നടത്തുന്നത്. സൗദി അറാംകൊ ബോണ്ടുകള്‍ക്കുള്ള ആവശ്യം ലക്ഷ്യമിട്ടതിന്റെ പത്തിരട്ടി കവിഞ്ഞിരുന്നു. സൗദി സമ്പദ്‌വ്യവസ്ഥയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
അടുത്ത വര്‍ഷത്തോടെ ആസ്തികള്‍ 40,000 കോടി ഡോളറായി ഉയര്‍ത്തുന്നതിനാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പദ്ധതിയിടുന്നത്. നിലവില്‍ ഫണ്ടിന്റെ ആകെ ആസ്തി 36,000 കോടി ഡോളറാണ്. 2030 ഓടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്തികള്‍ രണ്ടു ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. 2015 ല്‍ ഫണ്ടിന്റെ ആസ്തികള്‍ 15,200 കോടി ഡോളര്‍ മാത്രമായിരുന്നു.

ഏറ്റവും മികച്ച നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അമേരിക്കയിലും ബ്രിട്ടനിലും ഓഫീസുകള്‍ തുറന്ന് വിദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ഫണ്ട് ശ്രമിക്കുന്നുണ്ട്. നിലവില്‍ സൗദിയിലെയും വിദേശങ്ങളിലെയും 200 കമ്പനികളില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിപണികളില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 1100 കോടി ഡോളറിന്റെ ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നെന്നും ധനമന്ത്രി പറഞ്ഞു.

 

Latest News